മുംബൈ: ലോക് ഡൗണ്‍ പ്രമാണിച്ച് ഒന്നരമാസമായി പെട്ടിയിലായ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നു. ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്മഗള് വന്താല്‍, അക്ഷയ് കുമാര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബ് എന്നിവയാണ് ഓണ്‍ലൈനില്‍ വരുന്ന ദിവസങ്ങളില്‍ റിലീസ് ചെയ്യുന്നത്.
രാഘവാ ലോറന്‍സിന്റെ ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. തിയറ്ററുകളില്‍ മെയ് 22നാണ് സിനിമാ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണായതിനാല്‍ തിയറ്ററുകള്‍ അടച്ചിട്ടതിനാലാണ് ഇത്തരത്തിലൊരു തീരുമാനം. ഓണ്‍ലൈന്‍ റിലീസിംഗുമായി ബന്ധപ്പെട്ട് ഡിസ്നി പ്ലസും ഹോട്ട് സ്റ്റാറുമായുള്ള അവസാന ഘട്ട ചര്‍ച്ച നടത്തുകയാണ് അക്ഷയ് കുമാര്‍ എന്നാണ് വിവരം.
രാഘവാ ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ്, പശ്ചാത്തലസംഗീത മിക്സിംഗ് തുടങ്ങിയ അവസാനഘട്ട പ്രവൃത്തികള്ക്കുശേഷമായിരിക്കും സിനിമ ഓണ്‍ലൈനായി കാഴ്ചക്കാര്‍ക്ക് മുന്പില് എത്തുക. ജൂണിലായിരിക്കും ഓണ്‍ലൈന്‍ റിലീസ് എന്നാണ് റിപ്പോര്‍ട്ട്.
മെയില്‍ ലോക്ക് ഡൗണ്‍ തീര്‍ന്നാലും തിയറ്ററുകള്‍ തുറക്കാന്‍ വൈകിയേക്കുമെന്ന സാധ്യത പരിഗണിച്ചാണ് ഓണ്‍ലൈന്‍ റിലീസ്. രാജ്യാന്തരമായി ഡിസ്നി പ്ലസിലും ആഭ്യന്തരമായി ഹോട്ട്സ്റ്റാറിലൂടെയും ലക്ഷ്മിബോംബ് സിനിമ ആളുകള്‍ക്ക് കാണാം.
കഴിഞ്ഞ ദിവസം സൂര്യ നിര്‍മിച്ച ജ്യോതികാ ചിത്രം ‘പൊന്മകള് വന്താല്‍’ സിനിമ ഓണ്‍ലൈന്‍ റിലീസ് മാത്രം തീരുമാനിച്ചതിനെ തുടര്‍ന്ന് തിയറ്റര്‍ ഉടമകള്‍ താരത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ മാത്രം റിലീസ് ചെയ്താല്‍ സൂര്യ അഭിനയിക്കുന്നതോ നിര്‍മിക്കുന്നതോ ആയ സിനിമകള്‍ ഇനി തിയറ്ററുകളില്‍ റിലീസിന് അനുവദിക്കില്ല എന്ന ഭീഷണിയും തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ ഉയര്‍ത്തി.
ആമസോണ്‍ പ്രൈമില്‍ മെയ് ആദ്യവാരം ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.