സമ്പന്നരുടെ 68607 കോടി രൂപയുടെ കടം എഴുതിത്തള്ളി

മുംബൈ: വന്‍തുക വായ്‌പയെടുത്ത്‌ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ അതിസമ്പന്നരുടെ 68,607 കോടിരൂപയുടെ വായ്‌പ എഴുതിത്തള്ളിയെന്നു റിപ്പോര്‍ട്ട്‌. നീരവ്‌ മോഡിയും വിജയ്‌ മല്യയും മെഹുല്‍ ചോക്‌സിയും അടക്കമുള്ള തട്ടിപ്പുകാരായ അമ്പതോളം വന്‍വ്യവസായികളെടുത്ത വായ്‌പയാണ്‌ ബാങ്കുകള്‍ എഴുതിത്തള്ളിയത്‌.
റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍.ബി.ഐ)യില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തെളിവാക്കി കോണ്‍ഗ്രസാണു മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആക്ഷേപം പുറംലോകത്തെ അറിയിച്ചത്‌.
വിവരാവകാശ പ്രവര്‍ത്തകനായ സാകേത്‌ ഗോഖലെയാണു വിവരാവകാശ നിയമപ്രകാരം ആര്‍.ബി.ഐ. മുമ്പാകെ വായ്‌പത്തട്ടിപ്പു സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയത്‌. സാങ്കേതികമായി കഴിഞ്ഞവര്‍ഷം സെപ്‌റ്റംബര്‍ 30 നു കോടികളുടെ വായ്‌പകള്‍ എഴുതിത്തള്ളിയിരുന്നെന്നാണു മറുപടിയില്‍നിന്നു വ്യക്‌തമാകുന്നത്‌. രാജ്യത്തെ അമ്പത്‌ മുന്‍നിര വായ്‌പത്തട്ടിപ്പുകാരെയും അവരുടെ വായ്‌പകളുടെ കഴിഞ്ഞ ഫെബ്രുവരി 16വരെയുള്ള തല്‍സ്‌ഥിതി റിപ്പോര്‍ട്ടുമാണു ഗോഖലെ ആരാഞ്ഞത്‌.
കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി നക്ഷത്രചിഹ്നമിട്ട്‌ സമാനചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചെങ്കിലും ധനമന്ത്രി നിര്‍മലാ സീതാരാമനും സഹമന്ത്രി അനുരാഗ്‌ താക്കൂറും മറുപടി നല്‍കാതിരുന്നതോയൊണ്‌ ആര്‍.ടി.ഐ. ഫയല്‍ ചെയ്‌തതെന്ന്‌ ഗോഖലെ പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം റിസര്‍വ്‌ ബാങ്ക്‌ പുറത്തുവിട്ട 50 പേര്‍ ഭരണകക്ഷിയുടെ സുഹൃത്തുക്കളായതിനാലാണ്‌ ബി.ജെ.പി. പാര്‍ലമെന്റില്‍ വിവരങ്ങള്‍ മറച്ചുവെച്ചതെന്ന്‌ രാഹുല്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ ചോദ്യത്തോടു മുഖംതിരിച്ചെങ്കിലും ആര്‍.ബി.ഐ. സെന്‍ട്രല്‍ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഭയ്‌ കുമാര്‍ കഴിഞ്ഞ 24 നു മറുപടി നല്‍കി. വായ്‌പയെടുത്ത അന്‍പതു പേരുടെ 68,607 കോടി രൂപ എഴുതിത്തള്ളിയെന്നായിരുന്നു മറുപടി.
എന്നാല്‍ ഈ എഴുതിത്തള്ളല്‍ സാങ്കേതികമാണെന്നും വായ്‌പത്തുക തിരിച്ചുപിടിക്കുന്നതടക്കമുള്ള പ്രതികള്‍ക്കെതിരായ നിയമനടപടികളെ ബാധിക്കില്ലെന്നും നിയമവിദഗ്‌ധര്‍ പറയുന്നു.

ഗീതാഞ്‌ജലി ജെംസ്‌5, 492 കോടി രൂപ
മൂബൈ: മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്‌ജലി ജെംസ്‌ ലിമിറ്റഡാണു പട്ടികയില്‍ മുന്നില്‍. 5, 492 കോടി രൂപയാണു കടം. ഗ്രൂപ്പിനു കീഴിലുള്ള മറ്റു കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന്‌ കടം 1,447 കോടിയും നക്ഷത്ര ബ്രാന്‍ഡ്‌സ്‌ ലിമിറ്റഡിന്‌ 1109 കോടി രൂപയും. രാജ്യം വിട്ട ചോക്‌സി ഇപ്പോള്‍ ആന്റിഗ്വ-ബാര്‍ബഡോസ്‌ ദ്വീപസമൂഹങ്ങളില്‍ പൗരത്വം നേടിയെന്നാണു റിപ്പോര്‍ട്ട്‌. അനന്തരവന്‍ നീരവ്‌ മോഡി നിലവില്‍ ലണ്ടനിലാണ്‌.

ആര്‍.ഇ.ഐ. അഗ്രോ4,314 കോടി രൂപ
4,314 കോടി രൂപ കടവുമായി ആര്‍.ഇ.ഐ. അഗ്രോ ലിമിറ്റഡാണു പട്ടികയിലെ രണ്ടാമന്‍. ഒരുവര്‍ഷത്തോളമായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി)ന്റെ നിരീക്ഷണത്തിനുള്ള കമ്പനിയുടെ ഡയറക്‌ടര്‍മാര്‍ സന്ദീപ്‌ ജുന്‍ജുന്‍വാലയും സഞ്‌ജയ്‌ ജുന്‍ജുന്‍വാലയുമാണ്‌.

വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ്‌ ജുവലറി4,076 കോടി
4,000 കോടി രൂപയ്‌ക്കുമേല്‍ വായ്‌പയെടുത്തു മുങ്ങിയവരുടെ ഗണത്തിലെ അടുത്ത സ്‌ഥാനം ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ്‌ ജുവലറിയാണ്‌. 4,076 കോടിയാണു കമ്പനി ബാങ്കുകളില്‍നിന്നു വായ്‌പയെടുത്തു കുടിശികയാക്കിയിരിക്കുന്നത്‌. വിവിധ ബാങ്ക്‌ തട്ടിപ്പുകളുടെ പേരില്‍ സി.ബി.ഐ. അന്വേഷണവും കമ്പനിക്കെതിരേ പുരോഗമിക്കുന്നുണ്ട്‌.
റോട്ടോമാക്‌ ഗ്ലോബല്‍ -2,850 കോടി രൂപ

രണ്ടായിരം കോടി രൂപയിലധികം വായ്‌പയെടുത്ത്‌ എഴുതിത്തള്ളല്‍ ആനുകൂല്യം പറ്റിയവരില്‍ കാണ്‍പുരിലെ കോത്താരി ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള റോട്ടോമാക്‌ ഗ്ലോബല്‍ പ്രൈവറ്റ്‌ ലിമിറ്റഡുമുണ്ട്‌. 2,850 കോടി രൂപയാണു കടം. ഈ പട്ടികയിലെ മറ്റു പ്രമുഖസ്‌ഥാപനങ്ങള്‍-
കുഡോസ്‌ കെമി, പഞ്ചാബ്‌: 2,326 കോടി, ബാബാ രാംദേവ്‌ ആന്‍ഡ്‌ ബാലകൃഷ്‌ണ ഗ്രൂപ്പിന്റെ രുചി സോയ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌, ഇന്‍ഡോര്‍: 2212 കോടി, സൂം ഡവലപ്പേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ഗ്വാളിയര്‍: 2012 കോടി.
1,000 കോടി രൂപയ്‌ക്കു മുകളില്‍ വായ്‌പാ കുടിശിക വരുത്തിയ 18 കമ്പനികളുണ്ട്‌. ഇതിലാണു വിവാദ മദ്യരാജാവും പ്രമുഖ വ്യവസായിയുമായ വിജയ്‌ മല്യയുടെ ഉടമസ്‌ഥതയിലുള്ള കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. ഹരീഷ്‌ ആര്‍. മേത്തയുടെ അഹമ്മദാബാദ്‌ ആസ്‌ഥാനമായ ഫോര്‍ എവര്‍ പ്രെഷ്യസ്‌ ജുവലറി ആന്‍ഡ്‌ ഡയമണ്ട്‌സ് പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി 1962 കോടി രൂപയുമായി ഈ പട്ടികയില്‍ മുന്‍നിരയിലുണ്ട്‌. മറ്റ്‌ 25 കമ്പനികളുടെ വായ്‌പക്കുടിശിക 605 കോടി രൂപമുതല്‍ 984 കോടി രൂപവരെയാണെന്നും മറുപടി സാക്ഷ്യപ്പെടുത്തുന്നു.