കോവിഡ് രോഗികളെ സഹായിക്കാന്‍ ലോക റെക്കോര്‍ഡ് മറികടന്ന ബാറ്റ് വീണ്ടും ലേലത്തിന്‌

ഓസ്ട്രേലിയക്കെതിരെ ലോക റെക്കോർഡ് മറികടക്കാൻ ഉപയോഗിച്ച ബാറ്റ് വീണ്ടുമെടുത്ത് മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സ്. ഇത്തവണ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പണം കണ്ടെത്താനാണ് ഗിബ്സ് വീണ്ടും ബാറ്റെടുത്തത്. ബാറ്റ് ലേലത്തിൽ വച്ച് ലഭിക്കുന്ന തുക കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാനാണ് അദ്ദേഹത്തിൻ്റെ തീരുമാനം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗിബ്സ് വിവരം പങ്കുവച്ചത്. ഇത്രയും നാൾ കാത്തുവച്ച ഈ ബാറ്റ് ഇപ്പോൾ കൊവിഡ് പ്രതിരോധത്തിനുള്ള ധനസമാരണത്തിനായി ലേലത്തിനു വെക്കുന്നു എന്നാണ് ട്വീറ്റിലെ കുറിപ്പ്. ഒട്ടേറെ ആളുകളാണ് ഗിബ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 2006ലാണ്‌ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പോരില്‍ ചരിത്രം പിറന്നത്‌. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി അടിച്ചെടുത്തത് 434 റൺസ്. 105 പന്തിൽ 164 റൺസെടുത്ത ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആയിരുന്നു ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഗിബ്സായിരുന്നു താരം. 111 പന്തുകളിൽ 175 റൺസെടുത്ത ഗിബ്സിൻ്റെ വെടിക്കെട്ടിൻ്റെ ബലത്തിൽ ഒരു വിക്കറ്റും ഒരു പന്തും ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക ഓസീസ് ഉയർത്തിയ വിജയലക്ഷ്യം മറികടന്നു. നേരത്തെയും ഒട്ടേറെ താരങ്ങൾ പല തരത്തിൽ കൊറോണ പ്രതിരോധത്തിന് പിന്തുണ അർപ്പിച്ചിരുന്നു. തൻ്റെ മദ്യക്കമ്പനിയിൽ സാനിറ്റൈസർ നിർമിക്കുമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയിൻ വോൺ രംഗത്തെത്തിയിരുന്നു. സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ ഇന്ത്യൻ താരങ്ങളും കൊറോണ പ്രതിരോധത്തിന് സഹായം നൽകിയിരുന്നു.