പെട്രോൾ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും തീരുവ കൂട്ടി

കൊച്ചി: പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേ​ന്ദ്രസര്‍ക്കാര്‍ നടപടി. പെട്രോൾ ലീറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സ് ആന്‍ഡ് കസ്റ്റംസ് ഇതു സംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കി. റോഡ് സെസ് ഉള്‍പ്പെടെയാണ് വര്‍ധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ആഗോള വിപണയില്‍ എണ്ണവില കുറഞ്ഞിട്ടും മാര്‍ച്ചിനു ശേഷം ഇതു രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. മാര്‍ച്ചിൽ‌ പെട്രോളിനും ഡീസലിനും മൂന്നു രൂപയാണ് എക്സൈസ് ‍ഡ്യൂട്ടി വര്‍ധിപ്പിച്ചത്.എന്നാല്‍ ചില്ലറ വിപണിയില്‍ എണ്ണവില വര്‍ധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ആറ് മുതലാണ് തീരുവ നിലവില്‍ വരുക. പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്​സൈസ് തീരുവയില്‍ നിന്നാണ് വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുകയെന്നാണ് കേ​ന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം.