ഈ വര്‍ഷം മുഴുവന്‍ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ജീവനക്കാരോട് ഫേസ്ബുക്ക്

ജൂലായ് ആറിന് ഓഫീസുകള്‍ തുറക്കുമെങ്കിലും ഈവര്‍ഷം അവസാനംവരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്ബുക്ക്. കൊവിഡിനെ തുടർന്ന് അടച്ചിട്ട ഓഫീസ് ജൂലായ് ആറിന് തുറക്കുമെങ്കിലും അത്യാവശ്യത്തിനുള്ള ജീവനക്കാർ മാത്രമാകും ഓഫീസുകളിലുണ്ടാകുക. ഇത് സംബന്ധിച്ച് ഉത്തരവ് ഫേസ്ബുക്ക് സിഇഒ ഔദ്യോഗികമായി അറിയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ച് തുടക്കം മുതലാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്. നിലവിൽ 48,268 ജീവനക്കാരുള്ള കമ്പനിയിൽ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എല്ലാ ഔദ്യോഗിക കോൺഫറൻസുകളെല്ലാം റദ്ദ് ചെയ്തിട്ടുണ്ട്. മറ്റ് വന്‍കിട കമ്പനികളെയെന്നപോലെ കോവിഡ് മൂലമുള്ള പ്രതിസന്ധി കമ്പനിയെയും ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.