ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനമായി

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എക്കാലത്തേയും കൂടിയ നിലയില്‍. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായമ നിരക്ക് 27.1 ശതമാനമായതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍. ലോക്ഡൗണ്‍ മൂലം തൊഴില്‍ സാഹചര്യങ്ങള്‍ കുറഞ്ഞതോടെയാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചത്.ലോക് ഡൗണിന് മുന്‍പ് മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായിരുന്നു.
ഏപ്രിലില്‍ നിരക്ക് 21.1 ശതമാനവുമായിരുന്നു. 11.4 കോടി തൊഴിലുകള്‍ ഇല്ലാതായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറിയ പങ്കും ചെറുകിട കച്ചവടക്കാര്‍, ദിവസവേതനക്കാര്‍ എന്നിവരുടേതാണ്. ഗ്രാമീണ മേഖലകളേക്കാള്‍ നഗരപ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ളത്. ആളുകള്‍ കൂടുതലുള്ള നഗരമേഖലകളില്‍ റെഡ് സോണുകള്‍ കൂടുതലുള്ളതാണ് ഇതിന് ഒരു കാരണം. 29.22 ശതമാനമാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ എങ്കില്‍ ഗ്രാമങ്ങളില്‍ ഇത് 26 ശതമാനമാണ്.