കോവിഡ്; രാജ്യത്തെ സ്വകാര്യ മേഖലയില്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണി

കൊച്ചി: രാജ്യത്തെ സ്വകാര്യ മേഖലയില്‍ കോവിഡ് പ്രതികൂലമായി ബാധിക്കുന്നു. മിക്ക മേഖലകളിലും ജീവനക്കാര്‍ക്ക് ശമ്പളമില്ലെന്നതിനു പുറമേ ഇപ്പോള്‍ പിരിച്ചുവിടലും. ഐ.ടി, പത്രം, ചാനലുകള്‍, ടെക്‌സ്റ്റൈല്‍ ഇങ്ങനെ നിരവധി മേഖലകളിലാണ് കൂട്ട പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.
ഈ മേഖലകളില്‍ മുപ്പതു മുതല്‍ 40 ശതമാനത്തോളം ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഒരു കമ്പനിയില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുന്നതിനിടെയാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്.
പ്രത്യക്ഷത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെന്ന് പറയാതെ ലീവില്‍ പോകാന്‍ നിര്‍ദേശിച്ച് പിന്നീട് ജോലിയില്‍ നിന്നും പിരിച്ചുവിടുന്ന രീതിയാണ് ഐ.ടി മേഖലയില്‍ നടക്കുന്നതെന്ന് കേരളത്തിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാര്‍ പറഞ്ഞു.
ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലകളിലെ മാര്‍ക്കറ്റിങ് സെക്ഷനിലും സെയില്‍സിലും ‘ലോ പെര്‍ഫോര്‍മന്‍സ്’ ആണെന്ന് പറഞ്ഞ് ജീവനക്കാരോട് ലീവില്‍ പോകാന്‍ പറയുന്നെന്നും ആരോപണമുണ്ട്.
കമ്പനി നഷ്ടത്തിലാണ്, അതുകൊണ്ട് രണ്ടു മാസത്തേക്കോ മൂന്നുമാസത്തേക്കോ ലീവിന് പോകണമെന്നാണ് പറയുക. അതായത് നിയമപരമായി ജോലി നഷ്ടമാകില്ല. ലീവ് കഴിഞ്ഞു വന്നാല്‍ ജോലി സുരക്ഷിതമാണെന്നും ജീവനക്കാരെ അറിയിക്കും. യഥാര്‍ത്ഥത്തില്‍ നടക്കുന്നത് അതല്ല. അതായത് മൂന്നുമാസം ജോലിയില്ലാതെ വീട്ടിലിരിക്കുക എന്നു പറയുന്നത് പലപ്പോഴും പ്രായോഗികമായ കാര്യമല്ല. ആ സാഹചര്യത്തില്‍ പലരും പുതിയ ജോലി തേടും. പിരിച്ചുവിടല്‍ എന്നു വ്യക്തമായി പറയാതെ കമ്പനികള്‍ക്ക് സുരക്ഷിതരാവുകയും ചെയ്യാം.
അതേസമയം മാധ്യമരംഗത്തും വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. മിക്ക മാധ്യമങ്ങളും പരസ്യവരുമാനമില്ലാതെ അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ മൂന്നുമാസങ്ങളായി ശമ്പളം നല്‍കാത്ത നിരവധി മാധ്യമങ്ങളുണ്ട്. ശമ്പളം നല്‍കാതെ വരുമ്പോള്‍ സ്വയം പിരിഞ്ഞുപോകും എന്നാണ് മാനേജ്‌മെന്റ് വിചാരിക്കുന്നത്. പല മാധ്യമങ്ങളും പൂട്ടുന്ന അവസ്ഥയിലാണ്.