ഖനനം, വൈദ്യുതി, ഉപഗ്രഹ വിക്ഷേപങ്ങളിലടക്കം എല്ലാ മേഖലയിലും സ്വകാര്യവത്കരണം

ന്യൂഡല്‍ഹി: സ്വകാര്യമേഖലയ്ക്ക് ആക്കം കൂട്ടി കേന്ദ്രസര്‍ക്കാരിന്റെ നാലാംഘട്ട പ്രഖ്യാപനം. കോവിഡ് ഉത്തേജന പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനത്തിലാണു ഖനനം, ബഹിരാകാശ രംഗം, വൈദ്യുതി തുടങ്ങി പ്രധാനപ്പെട്ട എല്ലാ മേഖലയിലും സ്വകാര്യവത്കരണം നടത്തുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.
സ്വകാര്യ കമ്പനികള്‍ക്കും ഉപഗ്രഹ വിക്ഷേപങ്ങളിലടക്കം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളാകാം. കൂടാതെ ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാനാകും. സ്വകാര്യ പങ്കാളിത്തത്തിന് നയവും നിയന്ത്രണ സംവിധാനവും വരുമെന്നും ധനമന്ത്രി പറഞ്ഞു.
കല്‍ക്കരി ഖനനത്തിലും സ്വകാര്യവത്കരണം നടപ്പാക്കും. സംരഭകര്‍ക്കുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുന്നതോടെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയും. 50000 കോടി രൂപ ചെലവഴിച്ച് കല്‍ക്കരി നീക്കത്തിന് സൗകര്യമൊരുക്കും.
പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനം ഉയര്‍ത്തി. നിലവില്‍ ഇത് 49% ആയിരുന്നു. വിദേശകമ്പനികള്‍ക്ക് നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാനും കഴിയും. ഓര്‍ഡന്‍സ് ഫാക്ടറികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യും. ഇത് കോര്‍പറേറ്റ് വത്കരണമാണെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും. നേരത്തെ തിരുവനന്തപുരം ഉള്‍പ്പെടയുള്ള ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 12 വിമാനത്താവളങ്ങളില്‍ 13000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നടത്തും.