വസ്ത്രനിര്‍മ്മാണ രംഗത്ത് കേരളത്തില്‍ പുതിയ പദ്ധതിയുമായി കല്യാണ്‍

തിരുവനന്തപുരം:  വസ്ത്രനിര്‍മ്മാണ രംഗത്ത് കേരളത്തില്‍ വന്‍ നിക്ഷേപത്തിന് കല്യാണ്‍ സില്‍ക്ക്‌സ് പദ്ധതി തയ്യാറാക്കുന്നു. ലോകത്തെ തന്നെ മുന്‍നിര സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ മദ്ധ്യകേരളത്തിലാണ് വസ്ത്ര നിര്‍മ്മാണ സംരംഭം തുടങ്ങുന്നത്. കല്യാണ്‍ സില്‍ക്ക്‌സ് ഉടമ ടി എസ് പട്ടാഭിരാമന്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെ നേരിട്ട് അറിയിച്ചതാണിത്.

കേരളത്തില്‍ ഇത്തരമൊരു സംരംഭം തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും പട്ടാഭിരാമന്‍ പറഞ്ഞു.തുടക്കം 100 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. തുടര്‍ന്ന് ആയിരത്തിലധികം പേര്‍ തൊഴിലെടുക്കുന്ന വിപുലമായ പ്രസ്ഥാനമായി ഈ സംരംഭത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും പട്ടാഭിരാമന്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ തന്നെ കല്യാണിന് ഭൂമി കണ്ടെത്തി നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. സംരംഭം തുടങ്ങാന്‍ കല്യാണിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പട്ടാഭിരാമനെ അറിയിച്ചു. കല്യാണിന്റെ വരവ് മറ്റു നിക്ഷേപകര്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.