ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങള്‍ പിന്മാറിയതോടെ പുനരാരംഭിച്ച ആഭ്യന്തര വിമാനസര്‍വിസില്‍ അനിശ്ചിതത്വം. നിരവധി സര്‍വിസുകള്‍ അവസാനനിമിഷം റദ്ദാക്കി. ഇതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി യാത്രക്കാര്‍ വലഞ്ഞു.
ഡല്‍ഹിയില്‍ നിന്നുള്ള 82 സര്‍വിസുകളാണ് റദ്ദാക്കിയത്. അവസാനനിമിഷം വരെ സര്‍വിസുകള്‍ റദ്ദാക്കുന്ന കാര്യം അറിയിച്ചില്ലെന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വ്യക്തമാക്കി.
അതേ സമയം ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ നിന്നും വിവിധ സംസ്ഥാനങ്ങള്‍ പിന്മാറിയതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദു ചെയ്യേണ്ടിവന്നതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 125 വിമാനങ്ങളായിരുന്നു ഇന്ന് പോവേണ്ടിയിരുന്നത്. 118 വിമാനങ്ങള്‍ വിമാനത്താവളത്തിലേക്കിറങ്ങേണ്ടതുമായിരുന്നു.
മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇതേ സാഹചര്യമാണുണ്ടായത്. നിരവധി യാത്രക്കാരാണ് വിമാനങ്ങള്‍ റദ്ദു ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്.ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പുലര്‍ച്ചെ 4.45ന് പുറപ്പെടേണ്ടതായിരുന്നു ആദ്യത്തെ വിമാനം. മുംബൈയില്‍ നിന്നും 6.45നായിരുന്നു ആദ്യ വിമാനം പോകേണ്ടിയിരുന്നത്.ചെന്നൈ, ഗുവാഹത്തി, ബെംഗളൂരു, ഇംഫാല്‍ എന്നീ വിമാനത്താവളങ്ങളിലും സര്‍വിസുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി.
ബംഗളൂരുവില്‍ നിന്ന് ഒന്‍പത് സര്‍വിസുകളാണ് റദ്ദാക്കപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുള്‍പ്പെടെ വിമാന സര്‍വിസുകള്‍ റദ്ദാക്കപ്പെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.