മെഴ്സിഡീസ് ബെന്‍സിന്റെ എഎംജി സി 63 കൂപെയും എഎംജി ജിടി ആര്‍ കൂപെയും വിപണിയില്‍

മെഴ്സിഡീസ് ബെന്‍സിന്റെ എഎംജി സി 63 കൂപെയും എഎംജി ജിടി ആര്‍ കൂപെയും വിപണിയില്‍. എഎംജി സി 63 കൂപെ മോഡലും റേസര്‍മാര്‍ക്കു വേണ്ടി റേസര്‍മാരുടേതെന്ന വിശേഷണവുമായി എത്തുന്ന എഎംജി ജിടി ആര്‍ കൂപെയുമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
1.33 കോടി രൂപ മുതലാണ് മെഴ്സിഡീസ് എഎംജി സി 63 കൂപെയുടെ എക്സ് ഷോറൂം വില, മെഴ്സിഡീസ് എഎംജി ജിടി ആറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 2.48 കോടി രൂപ മുതലുമാണ് ഇന്ത്യയിലുടനീളം (കേരളം ഒഴികെ).


സി 63 കൂപെ നാല് ലിറ്റര്‍ വി8 ബൈടര്‍ബോ എഞ്ചിനുമായാണ് എത്തുന്നത്. 476 എച്ച്പി ആണിതിന്റെ ശേഷി. പൂജ്യത്തില്‍ നിന്ന് വെറും നാലു സെക്കന്റില്‍ 100 കിലോ മീറ്റര്‍ വേഗതയിലെത്താനാവുന്ന ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. 585 എച്ച്പി വി8 ബൈടര്‍ബോ എഞ്ചിനുമായി എത്തുന്ന ജിടി ആര്‍ കൂപെ 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും. മണിക്കൂറില്‍ 318 കിലോമീറ്ററാണ് പരമാവധി വേഗത. മെഴ്സിഡീസിന്റെ ഡിസൈനോ സംവിധാനത്തില്‍ കസ്റ്റമറൈസേഷന്‍ നടത്താനും ഇരു കൂപെകള്‍ക്കും സാധിക്കും. രണ്ടു വര്‍ഷത്തേക്ക് കിലോമീറ്റര്‍ പരിധിയില്ലാതെ 97,000 രൂപയുടെ മെയിന്റനന്‍സ് പാക്കേജുകളും ഇരു മോഡലുകള്‍ക്കും ലഭ്യമാണ്.
ഈ രണ്ടു മോഡലുകളുടെ അവതരണത്തോടെ മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ പെര്‍ഫോമെന്‍സ് കാര്‍ മേഖലയിലെ തങ്ങളുടെ ശക്തമായ സാന്നിധ്യം കൂടുതല്‍ ഉറപ്പാക്കുകയാണ്. 2019ല്‍ 54 ശതമാനം വളര്‍ച്ചായണ് കമ്ബനി ഈ മേഖലയില്‍ കൈവരിച്ചത്. ഏറ്റവും വിജയകരമായ സ്പോര്‍ട്ട്സ് കാര്‍, പെര്‍ഫോമെന്‍സ് ബ്രാന്‍ഡ് തുടങ്ങിയ രീതികളില്‍ എഎംജി തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. പുതിയ രണ്ട് എഎലജികളും ഈ സ്ഥാനത്തെ കുടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കും.
പുനെയിലുള്ള കേന്ദ്രത്തില്‍ നിന്ന് ഇരു മോഡലുകളുടേയും ഡിജിറ്റല്‍ ലോഞ്ചിങ് ആണ് നടത്തിയത്. മെഴ്സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഷെവെക് ഇതു നിര്‍വഹിച്ചു. ആഡംബര പെര്‍ഫോമെന്‍സ് കാറുകളുടെ രംഗത്ത് തങ്ങളുടെ വിപണി മേധാവിത്തം ഉറപ്പിക്കാന്‍ എഎംജി സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ കൂടുതല്‍ മുന്നേറാന്‍ എഎംജി സി 63യും എഎംജി ജിടി ആറും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.