ജയലളിതയുടെ 900 കോടിയുടെ സ്വത്തുക്കള്‍ മരുമക്കള്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശം മരുമകള്‍ക്കും മരുമകനുമായി മദ്രാസ് ഹൈക്കോടതി അനുവദിച്ചു. മരുമകള്‍ ജെ ദീപ, സഹോദരന്‍ ജെ ദീപക്ക് എന്നിവര്‍ക്കാണ് സ്വത്തുക്കളുടെ അവകാശം. ജസ്റ്റിസുമാരായ എന്‍ കിരുബകരന്‍, അബ്ദുല്‍ ഖുദ്ദൂസ് എന്നിവരടങ്ങിയ ബെഞ്ചാണ ജയലളിതയുടെ സ്വത്തുക്കള്‍ അനന്തരവര്‍ക്ക് നല്കി ഉത്തരവിട്ടത്. അഭിഭാഷകനായ എസ് എല്‍ സുദര്‍ശനം വഴി ദീപക് നല്കിയ അപേക്ഷയില്‍ സഹോദരിയെ റെസ്‌പോണ്ടന്റായി ചേര്‍ക്കുകയായിരുന്നു. 

എ ഐ എ ഡി എം കെ പ്രവര്‍ത്തകരായ എന്‍ പുഗാസെന്ദി, പി ജനകിരാമന്‍ എന്നിവര്‍ സമര്‍പ്പിച്ച മറ്റ് അപേക്ഷകള്‍ കോടതി തള്ളി. പോയ്‌സ് ഗാര്‍ഡന്‍ വസതി വേദ നിലയം മുഖ്യമന്ത്രിയുടെ വസതി കം ഓഫിസായി ഉപയോഗപ്പെടുത്താമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്മാരകം പണിയാന്‍ സംസ്ഥാനത്തെ പൊതുജനങ്ങളുടെ പണം പാഴാക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നേതാക്കളുടെ തത്വങ്ങള്‍ പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്താണ് യഥാര്‍ഥ ആദരാഞ്ജലിയും സ്മാരകവും ഒരുക്കേണ്ടതെന്നും കോടതി ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരുടെ സ്മാരകമായി വസതികള്‍ മാറ്റിയാല്‍ അതിനൊരു അവസാനമുണ്ടാകില്ലെന്നും കോടതി പറഞ്ഞു. ജയലളിതയുടെ സ്വത്തുക്കളുടെ ആകെ ആസ്തി ഏകദേശം 913,42,68,179 രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിന്തുടര്‍ച്ചാവകാശികള്‍ ആഗ്രഹം പ്രകടിപ്പിച്ചതായും കോടതി പറഞ്ഞു. ദീപയ്ക്കും ദീപകിനും അവരുടെ ചെലവില്‍ സുരക്ഷ ഏര്‍പ്പെടുത്താമെന്നും കോടതി അറിയിച്ചു. ജയലളിതയുടെ വീട്, ഫര്‍ണിച്ചര്‍, പുസ്തകങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ താത്ക്കാലികമായി ഏറ്റെടുക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി ചെയര്‍മാനായും ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, പബ്ലിസിറ്റി മന്ത്രി, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറായുമാണ് നിയമിച്ചിരിക്കുന്നത്.