പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർല ഹോളിഡെയ്സ് 2019-20 സമ്പദ്വർഷത്തിൽ 17 ശതമാനം വർദ്ധനയോടെ 64.78 കോടി രൂപയുടെ, നികുതി കഴിച്ചുള്ള ലാഭം നേടി. മുൻവർഷം ലാഭം 55.41 കോടി രൂപയായിരുന്നു. ജനുവരി-മാർച്ച് പാദത്തിൽ ലാഭം 6.69 കോടി രൂപയിൽ നിന്ന് 1.56 കോടി രൂപയായി കുറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സർക്കാർ നിർദേശം പാലിച്ച് മാർച്ച് 11 മുതൽ കൊച്ചി പാർക്കും 14 മുതൽ ബംഗളൂരു പാർക്കും 15 മുതൽ ഹൈദരാബാദ് പാർക്കും അടച്ചിരുന്നു. ഇത്, ജനുവരി-മാർച്ച് പാദ ബിസിനസിനെ സാരമായി ബാധിക്കുകയായിരുന്നു. മാർച്ചുപാദത്തിൽ വരുമാനം 63.55 കോടി രൂപയിൽ നിന്ന് 44.91 കോടി രൂപയിലേക്കും കുറഞ്ഞു. കഴിഞ്ഞ സമ്പദ്വർഷത്തെ വരുമാനം 291.66 കോടി രൂപയിൽ നിന്ന് 282.88 കോടി രൂപയായും താഴ്ന്നു. കഴിഞ്ഞവർഷം മൂന്നു പാർക്കുകളിലുമായി എത്തിയ സന്ദർശകർ 23.81 ലക്ഷമാണ്. 2018-19ൽ ഇത് 25.23 ലക്ഷമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ മാർച്ചിൽ പാർക്കുകൾ അടച്ചതിനാൽ 1.20 ലക്ഷം സന്ദർശകരെയാണ് ഇക്കാലയളവിൽ നഷ്ടമായതെന്ന് വണ്ടർല ഹോളിഡെയ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജോസഫ് പറഞ്ഞു.