റബറിന് ഈ വര്‍ഷം വില കൂടണമെങ്കില്‍ ആഭ്യന്തര ഉപഭോഗം കൂടണം

കൊച്ചി: ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റബര്‍ കയറ്റുമതി കൂടിയിട്ടും വില വര്‍ധിയ്ക്കാത്തത് ആഭ്യന്തര ഉപഭോഗം കുറഞ്ഞതിനാല്‍. ആഭ്യന്തര ഉപഭോഗം 2018-19ല്‍ 12.11 ലക്ഷം ടണ്ണായിരുന്നു. എന്നാല്‍ 2019-20ല്‍ ഉപഭോഗം 11.34 ലക്ഷം ടണ്ണായി കുറഞ്ഞു. അതേസമയം 2019-20ല്‍ ഇന്ത്യയില്‍ നിന്നുള്ള റബര്‍ കയറ്റുമതി 12,194 ടണ്ണായി ഉയര്‍ന്നു. 2018-19ല്‍ ഇത് 4,551 ടണ്ണായിരുന്നു. അതേസമയം, ഇറക്കുമതി 20 ശതമാനം കുറഞ്ഞു.
നടപ്പുവര്‍ഷം (2020-21) ആഭ്യന്തര ഉത്പാദന പ്രതീക്ഷ 7.10 ലക്ഷം ടണ്ണാണ്. അതുകൊണ്ടു തന്നെ ഉപഭോഗം കൂടാതിരിക്കുന്നിടത്തോളം കാലം വില വര്‍ധിക്കുകയില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇന്ത്യയില്‍ റബര്‍ ഉത്പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9.4 ശതമാനം വര്‍ധിച്ച് 7.12 ലക്ഷം ടണ്ണിലെത്തി. 2014-15ന് ശേഷം ആദ്യമായാണ് ഉത്പാദനം ഏഴുലക്ഷം ടണ്‍ കടക്കുന്നത്. ചെലവ് കുറച്ച്, കൂടുതല്‍ ഉത്പാദനവും ലാഭവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് വര്‍ധനവിന് കാരണമെന്ന് റബര്‍ ബോര്‍ഡ് പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം അധികമായി ടാപ്പിംഗ് നടന്നത് 40,000 ഹെക്ടറിലാണ്.
അതേസമയം, റബര്‍ ഉപഭോഗം താഴേക്ക് നീങ്ങുകയാണ്. എന്നാല്‍, ആഭ്യന്തര ഉത്പാദനവും ഉപഭോഗവും തമ്മിലെ അന്തരം 5.61 ലക്ഷം ടണ്ണില്‍ നിന്ന് 4.22 ലക്ഷം ടണ്ണിലേക്ക് താഴ്ന്നു.