സിനിമ ഷൂട്ടിങ് നടത്താൻ അനുമതി; 50 പേര്‍ മാത്രം

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സിനിമ മേഖലയ്ക്ക് ഇളവ് അനുവദിച്ച് സംസ്ഥാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിങ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 പേരെ വച്ച് സിനിമാ ഷൂട്ടിങ് നടത്താനാണ് അനുമതി നല്‍കുക. സ്റ്റുഡിയോയ്ക്ക്അകത്തും ഈ പരിധി പാലിക്കണം. ചാനലിലെ ഇന്‍ഡോര്‍ ഷൂട്ടിങ്ങിനും നിയന്ത്രണമുണ്ട്. പരമാവധി 25 പേര്‍ മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടുളളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമാ ചിത്രീകരണം കൊവിഡ് നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുന്നതിന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കും ജനറല്‍ കൗണ്‍സിലിനും സമര്‍പ്പിച്ചിരുന്നു. ഈ കരട് നിര്‍ദേശങ്ങള്‍ ഭേദഗതികളോടെ ചിത്രീകരണത്തില്‍ നടപ്പാക്കാനാണ് ആലോചന.