650 കോടി രൂപയുടെ വായ്പാ പദ്ധതികളുമായി പിന്നാക്ക വികസന കോര്‍പറേഷന്‍

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. കൊവിഡ് അവലോകനത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. വരുമാനം ഇല്ലാതായ സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിന് പരമാവധി അഞ്ചു ലക്ഷം രൂപവരെ ആറു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഒ ബി സി വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത വനിതാ സംരംഭകര്‍ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളര്‍ത്തല്‍, പശു-ആട് വളര്‍ത്തല്‍, പൗള്‍ട്രി ഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ അഞ്ചു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വ്യക്തിഗത വായ്പയും അനുവദിക്കും. മൈക്രോ ക്രെഡിറ്റ്, മഹിള സമൃദ്ധി യോജന എന്നീ പദ്ധതികള്‍ പ്രകാരം അനുവദിക്കുന്ന വായ്പ രണ്ടു കോടിയില്‍ നിന്ന് മൂന്നു കോടിയായി വര്‍ധിപ്പിക്കും. മൂന്നു മുതല്‍ നാലു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ സി ഡി എസുകള്‍ക്ക് വായ്പ അനുവദിക്കും.

തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങി വരുന്ന ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോര്‍പറേഷന്‍ നടപ്പാക്കി വരുന്ന പദ്ധതിയായ റിട്ടേണുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കും. ആറു മുതല്‍ എട്ടു ശതമാനം പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയില്‍, രേഖകകള്‍ സമര്‍പ്പിച്ച്‌ 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി മൂന്നു ലക്ഷം രൂപയായിരിക്കും മൂലധന സബ്സിഡി (15 ശതമാനം). തിരിച്ചടവിന്റെ ആ ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്സിഡിയും നോര്‍ക്ക ലഭ്യമാക്കും. ഈ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍നിന്നും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പ എടുക്കുന്ന പ്രവാസികള്‍ക്ക് വായ്പ ഗഡുക്കള്‍ കൃത്യമായി തിരിച്ചടയ്ക്കുകയാണെങ്കില്‍, വായ്പാ കാലാവധിയായ അഞ്ചു വര്‍ഷത്തിനകം മുതലും പലിശയും അടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാള്‍ കുറവായ 18.5 ലക്ഷം രൂപ മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.