അമേരിക്കയില്‍ വംശീയ അതിക്രമം തടയാന്‍ ഗൂഗിളിന്റെ ധനസഹായം

പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടെ വംശീയ അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് 1.2 കോടി ഡോളര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് ആല്‍ഫബെറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ട്രംപ് ഭരണകൂട ഭീകരതക്കെതിരെ പോരാടാനാണ് ഈ പണമെന്നതും ശ്രദ്ധേയമാണ്. ഇതിന് പുറമെ വംശീയ അനീതിക്കെതിരെ പോരാടുന്ന സംഘടനകള്‍ക്ക് ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതിന് കമ്പനി 2.5 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.ഞങ്ങളുടെ ആദ്യത്തെ ഗ്രാന്റ് 10 ലക്ഷം ഡോളര്‍ വീതം സെന്റര്‍ ഫോര്‍ പോളിസിങ് ഇക്വിറ്റി, ഈക്വല്‍ ജസ്റ്റിസ് ഇനീസിയേറ്റീവ് എന്നിവര്‍ക്ക് നല്‍കും. ഗൂഗിള്‍.ഓര്‍ഗ് ഫെലോസ് പ്രോഗ്രാം വഴി സാങ്കേതിക പിന്തുണ നല്‍കുമെന്നും പിച്ചൈ പറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വംശീയ നീതിയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്കായി ഗൂഗിള്‍ ഇതുവരെ 3.2 കോടി ഡോളറാണ് സംഭാവന നല്‍കിയിരിക്കുന്നത്. ഫ്‌ളോയിഡിന്റെ ഓര്‍മകളെ മാനിക്കാന്‍ ഗൂഗിളര്‍മാര്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് നിശബ്ദത പാലിച്ചു. ഈ നിശബ്ദത നിമിഷത്തിന്റെ ദൈര്‍ഘ്യം ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെടുന്നതിന് മുന്‍പ് അനുഭവിച്ച സമയത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഇത് ഫ്‌ളോയിഡിനും മറ്റു പലര്‍ക്കുമെതിരെയുള്ള അനീതിയുടെ ഓര്‍മപ്പെടുത്തലാണെന്നും പിച്ചൈ കുറിച്ചു.
അതേസമയം, ഗൂഗിള്‍ ജീവനക്കാര്‍ 25 ലക്ഷം ഡോളര്‍ അധിക സംഭാവനയും നല്‍കി. ഇത് ഞങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗൂഗഌ പങ്കെടുക്കുന്ന ക്യാംപെയിനിനെ പ്രതിനിധീകരിക്കുന്നുവെന്നും ജീവനക്കാര്‍ സമാഹരിച്ച ഏറ്റവും വലിയ തുകയും വിശാലമായ പങ്കാളിത്തവും ഇതാണെന്നും പിച്ചൈ പറഞ്ഞു.
ദീര്‍ഘകാല പരിഹാരങ്ങളെ പിന്തുണയ്ക്കുന്ന സംരംഭങ്ങളും ഉല്‍പന്ന ആശയങ്ങളും വികസിപ്പിക്കുന്നതിന് ഗൂഗിള്‍ ബ്ലാക്ക് കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഫ്‌ളോയിഡിന്റെ മരണത്തിനെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം കാണിച്ച് ഗൂഗിളും യുട്യൂബും യുഎസിലെ ഹോം പേജില്‍ ഒരു കറുത്ത റിബണ്‍ ഇട്ടിരുന്നു.