കേരളമെന്തുകൊണ്ട് സംരംഭകര്‍ക്ക് നല്ല അന്തരീക്ഷമൊരുക്കുന്നില്ല; ബെവ് ക്യൂ ആപ്പിനെതിരേ ആരോപണമുന്നയിച്ചവരോട് നിരവധി ചോദ്യങ്ങളുമായി സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍

വെര്‍ച്വല്‍ ക്യൂ മുഖേനെയുള്ള മദ്യവിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയപ്പോള്‍ സ്വാഭാവികമായും കേരളത്തില്‍ ഉണ്ടാകാറുള്ള രാഷ്ട്രീയ വിമര്‍ശനം വന്നു. സ്വാഭാവികമായ സാങ്കേതിക തടസ്സങ്ങളെപ്പോലും പര്‍വതീകരിച്ച് യുവസംരഭകരുടെ മനോവീര്യം തകര്‍ക്കും വിധമായിരുന്നു പ്രചരണം. എന്നാല്‍ വിവാദങ്ങളിലൊന്നും പതറാതെ ബെവ് ക്യൂ ആപ്പിന്റെ അണിയറക്കാര്‍ മുന്നോട്ടുപോയി. അതുകൊണ്ടുതന്നെ അന്ന് വിവാദമുണ്ടാക്കിയവരെയൊന്നും ഇപ്പോള്‍ കാണാനുമില്ല. ബെവ് ക്യൂ കമ്പനി പൂട്ടിയെന്ന് വരെ വാര്‍ത്ത നല്‍കിയ മനോരമ, പിന്നീട് ബാലന്‍സിംഗിനു വേണ്ടി കമ്പനി മേധാവികളുടെ ഇന്റര്‍വ്യു വരെ നല്‍കി. അപ്പോഴും മാധ്യമങ്ങളും പ്രതിപക്ഷവും തങ്ങള്‍ നടത്തിയ വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കാനോ യുവസംരഭകരോട് മാപ്പ് പറയാനോ ഇതുവരെ തയ്യാറായിട്ടില്ല.

സുഭാഷ് നാരായണന്‍ എഴുതുന്നു

വിചാരണയൊക്കെ കഴിഞ്ഞെങ്കില്‍ ഒരു നിമിഷം.

ക്യാമ്പസ് ജീവിതം കഴിഞ്ഞ സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഒരു കൊച്ചു സംരംഭം, ആ സംരംഭം സര്‍ക്കാരിന്റെ ഒരു പ്രൊജക്റ്റിലേക്ക് പ്രൊപോസല്‍ അയക്കുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ച ആ കമ്പനി വിദഗ്ധര്‍ അടങ്ങിയ പാനല്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നു.സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരാത്ത, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ക്വോട്ട് ചെയ്ത പ്രൊപോസല്‍ അംഗീകരിച്ച് അവര്‍ക്ക് കരാര്‍ ലഭിക്കുന്നു. പിന്നീട് അങ്ങോട്ട് നേരിട്ടത് മാധ്യമങ്ങളുടെ ക്രൂരമായ വേട്ടയാടല്‍ തന്നെയായിരുന്നു.

ആല്ഝ ആപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റാര്‍ട്ട് അപ്പിന്റെ കാര്യമാണ് പറഞ്ഞു വന്നത്.

പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നില്ല, വിവാദമുണ്ടാക്കുക എന്നത് അവരുടെ ദൈനംദിന പ്രവര്‍ത്തനമാണ്. പക്ഷെ കൂട്ടത്തില്‍ മനോരമ വാര്‍ത്തകള്‍ ആണ് ഏറെഅത്ഭുതപ്പെടുത്തിയത്. അത്രക്ക് ക്രൂരത ആണ് അവര്‍ ആ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയോട് ചെയ്തത്. ആപ്ലിക്കേഷന്‍ ശരിയാക്കുക അസാധ്യം എന്ന് വരെ വെണ്ടയ്ക്ക നിരത്തി. കോഡില്‍ തന്നെ വലിയ പിഴവ് ആണെന്ന് അവരുടെ വിദഗ്ദ്ധര്‍. രാത്രി പത്തുമണിക്ക് ഫോട്ടോഗ്രാഫറെ അയച്ച് അടച്ച കമ്പനിയുടെ ചിത്രമെടുപ്പിച്ച് നിരന്തരമായി കമ്പനി പൂട്ടിയെന്നും അതിന്റ ഉടമകള്‍ കടന്നു കളഞ്ഞു എന്ന് വരെ വാര്‍ത്ത കൊടുത്തു.

ഈ ചെറുപ്പക്കാരുടെ സ്വപ്നമായ സംരംഭത്തിന്റെ ഭാവി എന്താണ് എന്ന് നിങ്ങള്‍ ആലോചിച്ചിരുന്നോ?

ലോകത്ത് ഇന്നേവരെ ഒരു മൊബൈല്‍ ആപ്ലിക്കേഷനും പൂര്‍ണതയോടെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടില്ല എന്നിരിക്കെ എന്തായിരുന്നു ആ ചെറുപ്പക്കാര്‍ ചെയ്ത കൊടും പാതകം. അവര്‍ക്ക് രാഷ്ട്രീയ അനുഭാവം ഉള്ളതോ?? ഇവിടെ ഏത് മനുഷ്യനാണ് രാഷ്ട്രീയ അഭിപ്രായം ഇല്ലാത്തത്. നീതി നിര്‍വഹണത്തലവന്‍ സര്‍വീസില്‍ നിന്ന് ഇറങ്ങി അടുത്ത ദിവസം തന്നെ തന്റെ വിഭജന രാഷ്ട്രീയാനുഭാവം തുറന്നു പറഞ്ഞ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്.

ഇതൊക്കെ കഴിഞ്ഞിട്ട് അവരുമായി ഒരു ഇന്റര്‍വ്യൂ, എന്നിട്ട് ഈ പരീക്ഷണം എങ്ങിനെ തരണം ചെയ്തു എന്ന ഒരു ചോദ്യവും..

ഇത്രയൊക്കെ ചെയ്ത നിങ്ങള്‍തന്നെ നാളെ പുതിയ ഒരു പരമ്പര തുടങ്ങുമായിരിക്കും. ‘കേരളമെന്തുകൊണ്ട് സംരംഭകര്‍ക്ക് നല്ല അന്തരീക്ഷമൊരുക്കുന്നില്ല?’ എന്ന്. ലജ്ജ തോന്നുന്നില്ലേ എന്ന് ചോദിക്കുന്നില്ല. ഇല്ലെന്ന് പതിറ്റാണ്ടുകള്‍ മുന്‍പെ തെളിയിച്ചിട്ടുണ്ട്. ഇത്രയുമെങ്കിലും ഇപ്പോള്‍ പറഞ്ഞു പോയില്ലെങ്കില്‍ ചിലപ്പോള്‍ പിന്നീട് പറയാന്‍ സാധിച്ചെന്ന് വരില്ല