സംസ്ഥാനത്ത് റസ്റ്ററന്റുകളും ഹോട്ടലുകളും പ്രവര്‍ത്തിപ്പിക്കാന്‍ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിനു തുറക്കാമെങ്കിലും അന്ന് സ്ഥാപനം അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍, താപപരിശോധന എന്നിവ നിര്‍ബന്ധമാണ്. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും സ്റ്റാഫിനും ഗസ്റ്റിനും രോഗലക്ഷണങ്ങളുണ്ടാവരുത്. ജോലിക്കാരും അതിഥികളും മുഖാവരണം ധരിക്കണം. അകത്തേക്കും പുറത്തേക്കും പ്രവേശിക്കുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കണം. കയറുന്നതും ഇറങ്ങുന്നതും ഒരേസമയം പാടില്ല. ലിഫ്റ്റില്‍ ആളെ പരിമിതപ്പെടുത്തുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം’.

എത്തുന്നവരുടെ പേരും ഫോണ്‍ വിവരങ്ങളും രേഖപ്പെടുത്തണം. പേയ്‌മെന്‍റ് ഓണ്‍ലൈന്‍ വഴിയാക്കേണ്ടതാണ്. ലഗേജ് അണുവിമുക്തമാക്കുണം. കണ്ടൈന്‍മെന്‍റ് സോണുകള്‍ സന്ദര്‍ശിക്കരുത് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം. ഭക്ഷണം റൂമിന്‍റെ വാതില്‍ക്കല്‍ വയ്‌ക്കുന്നതാണ് നല്ലത്. എസി 24-30 ഡിഗ്രയില്‍ പരിമിതപ്പെടുത്തണം. ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടെയും പരിസരവും ശൗചാലയവും അണുമുക്തമാക്കണം. റസ്റ്റോറന്‍റില്‍ പൊതു നിബന്ധനങ്ങള്‍ക്ക് പുറമോ ഹോം ഡെലിവറി അനുവദനീയമാണ്, അത് പരമാവധി പ്രോത്സാഹിപ്പിക്കണം. ഹോം ഡെലിവറി നടത്തുന്നവരുടെ താപരിശോധന നടക്കണം. ഡിസ്‌പോസിബിള്‍ മെനു ഉപയോഗിക്കണം. പേപ്പര്‍ നെപ്‌കിനുകള്‍ ഉപയോഗിക്കണം. മാസ്‌ക്കും കയ്യുറയും ധരിക്കണം.