മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ ഹ്യൂണ്ടായി ക്രെറ്റ

കോവിഡ് കാലത്തെ മാന്ദ്യത്തില്‍ നിന്ന് കാര്‍ വിപണി ചെറിയതോതില്‍ തിരിച്ചുവരുന്നതിനിടെ മെയില്‍ ഹുണ്ടായി ക്രെറ്റ നേട്ടമുണ്ടാക്കി. മെയില്‍ 3,213 ഹ്യുണ്ടായി ക്രെറ്റ കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. ഇതോടെ മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന ബഹുമതിയും ക്രെറ്റ സ്വന്തമാക്കി. മെയില്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച ഹ്യുണ്ടായി കാറുകളില്‍ പകുതിയും ക്രെറ്റ തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
മാരുതി സുസുക്കി ദീര്‍ഘകാലമായി കയ്യടക്കി വച്ചിരുന്ന സ്ഥാനമാണ് ക്രെറ്റ സ്വന്തമാക്കിയിരിക്കുന്നത്. രാജ്യം അടച്ചിടലിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഇവ ബുക്ക് ചെയ്തിരുന്നു. കച്ചവടം നടക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. അടച്ചിടലിന് തൊട്ടുമുമ്പാണ് പുത്തന്‍ തലമുറ എസ് യുവി ക്രെറ്റ വിപണിയിലിറക്കിയത്. ഇതിന്റെ പകുതിയും ആഭ്യന്തര വിപണിയില്‍ മെയ് മാസത്തില്‍ വിറ്റുപോയി. അതായത് ഏകദേശം 6,883 കാറുകള്‍. എന്നാല്‍ മാരുതി സുസുക്കി വിറ്റഴിച്ച മൊത്തം കാറുകളുടെ പകുതി മാത്രമേ ഇത് വരുന്നുള്ളൂ. മെയില്‍ മാരുതി വിറ്റത് 13,865 കാറുകളാണ്. ഇതോടെ കമ്പനി ഒരിക്കല്‍ കൂടി കാര്‍വിപണനരംഗത്തെ താരമായി. ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിക്കുന്ന കാര്‍നിര്‍മ്മാതാക്കള്‍ എന്ന ബഹുമതി ഇപ്പോഴും മാരുതിക്ക് തന്നെ സ്വന്തമാണ്. എന്നാല്‍ കുറഞ്ഞ വിലയുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറുകള്‍ എര്‍ട്ടിഗയാണ്. ഇവര്‍ 2,353 കാറുകളാണ് മെയില്‍ വിറ്റത്. മാരുതി സുസുക്കി ഡിസയര്‍, മഹീന്ദ്ര ബൊലേറോ, മാരുതി സുസുക്കി എയ്‌കോ തുടങ്ങിയവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ള മൂന്ന് സ്ഥാനങ്ങളില്‍ വരുന്നത്.