വാട്സാപ്പില്‍ സ്റ്റാറ്റസ്ഇടുക എന്നത് ചിലരുടെ പതിവ് ശീലമാണ്. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിൽ ഒരു ഫീച്ചര്‍ ആണ് സ്റ്റാറ്റസ് അല്ലെങ്കില്‍ സ്റ്റോറീസ് എന്നുള്ളത്. ട്വിറ്ററില്‍ ഈ സംവിധമുണ്ടായിരുന്നില്ല. ഒടുവില്‍ ട്വിറ്ററും ഈ സംവിധാനം ഉള്‍പ്പെടുത്തുകയാണ്. സ്റ്റാറ്റസ് എന്നോ സ്റ്റോറീസ് എന്നല്ല പകരം ഫ്ളീറ്റ്സ് എന്നാണ് ട്വിറ്റര്‍ ഇട്ടിരിക്കുന്ന പേര്. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോലെത്തന്നെ 24 മണിക്കൂറിന് ശേഷം ഫ്ളീറ്റ്സ് പോസ്റ്റുകള്‍ അപ്രത്യക്ഷമാവും. സാധാരണ ട്വീറ്റുകളെപ്പോലെ ഫ്ളീറ്റ്സ് പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനോ, റീട്വീറ്റ് ചെയ്യാനോ സാദ്ധ്യമല്ല. ഫ്ളീറ്റ്സ് പോസ്റ്റുകള്‍ക്ക് നേരിട്ട് മെസ്സേജ് (ഡയറക്റ്റ് മെസ്സേജ്) ചെയ്തത് പ്രതികരിക്കാവുന്നതാണ്.ഫ്ളീറ്റ്സ് സംവിധാനത്തിന്റെ വരവ് വ്യക്തമാക്കി ട്വിറ്റര്‍ ഇന്ത്യ പേജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ടെസ്റ്റിംഗ്, ടെസ്റ്റിംഗ്… ഫ്ലീറ്റുകള്‍ എന്ന് വിളിക്കുന്ന ലൈക്കുകള്‍, റീട്വീറ്റുകള്‍ അല്ലെങ്കില്‍ മറുപടികള്‍ ഇല്ലാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കാവുന്ന ഒരു മാര്‍ഗ്ഗം ഞങ്ങള്‍ പരീക്ഷിക്കുന്നു! ഈ സംവിധാനത്തിലെ ഏറ്റവും മികച്ച കാര്യം, 24 മണിക്കൂറിനു ശേഷം അവ അപ്രത്യക്ഷമാകും എന്നുള്ളതാണ്,’ പോസ്റ്റിനോടൊപ്പം ട്വിറ്റര്‍ ഇന്ത്യ കുറിച്ചു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ വഴി മാത്രമേ ട്വിറ്റര്‍ ഫ്ലീറ്റുകള്‍ അപ്ഡേറ്റ് ചെയ്യാനും കാണാനും കഴിയൂ. അടുത്ത അപ്ഡേറ്റിന് ശേഷം മിക്കവാറും നിങ്ങള്‍ക്ക് ഫ്ളീറ്റ്സ് സംവിധാനം ലഭിക്കും.