വിപണി തിരിച്ചുപിടിക്കല്‍; റിയല്‍മിയും ഷവോമിയും മത്സരം കൂടി; 32 ഇഞ്ച് റിയല്‍ മി സ്മാര്‍ട് ടി.വി വില 12999 രൂപ

ഇലക്ട്രോണിക് കമ്പനി ഷവോമിക്ക് വന്‍ വെല്ലുവിളിയുയര്‍ത്തി റിയല്‍മി. രണ്ട് ചൈനീസ് കമ്പനികള്‍ തമ്മിലുള്ള വ്യാപാര യുദ്ധമാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുന്നത്. എല്ലാത്തരത്തിലുള്ള ഗൃഹോപകരണങ്ങളിലേക്കും കൈ കടത്തിയ ഷവോമിക്ക് അതേ നാണയത്തിലാണ് റിയല്‍മി മറുപടി നല്‍കുന്നത്. ബിബികെ എന്ന കമ്പനിയുടെ വണ്‍പ്ലസ് ഉള്‍പ്പെടെയുള്ള മറ്റ് ബ്രാന്‍ഡുകള്‍ക്കുള്ള ഗുണനിലവാരവും റിയല്‍മിയുടെ വളര്‍ച്ചയ്ക്ക് തുണയാകുന്നു.
സ്മാര്‍ട്ട് ഫോണിന് പുറമെ സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ് ഇയര്‍ബഡ്സ്, പവര്‍ ബാങ്ക് എന്നിങ്ങനെ ഉത്പന്നങ്ങളുടെ നിര റിയല്‍മി വര്‍ദ്ധിപ്പിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫ് തിങ്ക്സ് എന്ന എഐ സാങ്കേതിക വിദ്യയുടെ പ്രഭാവം എല്ലാ ഉപകരണങ്ങളിലും സ്ഫുരിക്കും എന്ന് റിയല്‍മി പറയുന്നു.
32 ഇഞ്ച് വലിപ്പമുള്ള റിയല്‍മി സ്മാര്‍ട്ട് ടിവിക്ക് 12,999 രൂപയും 43 ഇഞ്ച് ടിവിക്ക് 21,999 രൂപയുമാണ് വില. സ്മാര്‍ട്ട് വാച്ചിന് 3,999 രൂപ, ബഡ്സ് എയര്‍ നിയോ എന്ന വയര്‍ലെസ് ഇയര്‍ബഡ്സിന് 2,999 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. ആയിരം രൂപയില്‍ താഴെ വിലയ്ക്ക് 10,000 എംഎഎച്ച് പവര്‍ബാങ്കും റിയല്‍മി നല്‍കുന്നു.
മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ വിപണിയില്‍ റിയല്‍മിക്ക് ലഭിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിച്ച അതേ സ്വീകാര്യതയാണ് മറ്റ് ഉത്പന്നങ്ങള്‍ക്കും ലഭിക്കുന്നത്. ഇതോടെ വെല്ലുവിളിയാകുന്നത് ഷവോമിക്കാണ്. ഷവോമിയും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്.