കൊച്ചിൻ ഷിപ്പിയാർഡ്; 137.52 കോടി രൂപയുടെ ലാഭം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പിയാർഡ് വൻ ലാഭം നേടി. 2019–20 സാമ്പത്തിക വർഷത്തെ അവസാന പാദമായ ജനുവരി-മാർച്ചിൽ 44 ശതമാനം വർധനവോടെ 137.52 കോടി രൂപയുടെ ലാഭമാണ് നേടിയത്. 95.44 കോടി രൂപയായിരുന്നു മുൻ വർഷം ഇതേ പാദത്തിലെ ലാഭം. സഞ്ചിത വരുമാനം 851.26 കോടി രൂപയിൽ നിന്ന് 861.07 കോടി രൂപയായി ഉയർന്നു. അതേസമയം, മൊത്തം ചെലവ് 692.11 കോടി രൂപയിൽ നിന്ന് 677.77 കോടി രൂപയിലേക്ക് താഴ്‌ന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം ലാഭം 632 കോടി രൂപയാണ്. 2018–19ൽ ലാഭം 477 കോടി രൂപയായിരുന്നു. ബംഗാളിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലെ (എച്ച്സിഎസ്എൽ) ഓഹരിപങ്കാളിത്തം നൂറുശതമാനത്തിലേക്ക് ഉയർത്തിയെന്നും ബിഎസ്ഇക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കൊച്ചി കപ്പൽശാല വ്യക്തമാക്കി. നേരത്തെ 74 ശതമാനമായിരുന്നു പങ്കാളിത്തം. അധികമായി 26 ശതമാനം ഓഹരികൾ കൂടി വാങ്ങിയതോടെ കൊച്ചി കപ്പൽശാലയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി എച്ച്സിഎസ്എൽ മാറി. കൊറോണ ലോക്ഡൗണിനെ തുടർന്ന് മാർച്ച് 23 മുതൽ മെയ് അഞ്ചുവരെ കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടശേഷം ഇപ്പോൾ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഉൾപ്പെടുത്തി 1959ലാണ് കേന്ദ്രസർക്കാർ ദക്ഷിണമേഖലയിൽ കപ്പൽശാല പ്രഖ്യാപിച്ചത്. ഇത് കൊച്ചിയിൽ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് നഷ്ടമാകുമെന്ന സ്ഥിതി വന്നു.

ഇതോടെ ജനങ്ങളൊന്നടങ്കം പ്രക്ഷോഭത്തിനിറങ്ങി. എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനായി കൊച്ചിയിൽ എത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുന്നിലൂടെ കപ്പലിന്റെ മാതൃകയുമേന്തി പ്രകടനം നടത്തിയതും ചരിത്രം. ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് 1972ൽ കപ്പൽശാലയ്ക്ക് തറക്കല്ലിട്ടു. ഇവിടെ നിർമ്മിച്ച ആദ്യ കപ്പൽ എം വി റാണിപത്മിനി 1980ൽ നീരണിഞ്ഞു. എന്നാൽ ഓർഡറുകളുടെ കുറവ് കപ്പൽശാലയ്ക്ക് തിരിച്ചടിയായി. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സിഐ), ഡ്രഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഡിസിഐ) തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കപ്പൽനിർമ്മാണത്തിന് വിദേശ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതാണ് കൊച്ചി കപ്പൽശാലയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതിനെതിരെയും ജനകീയപ്രക്ഷോഭം അരങ്ങേറി. ഇപ്പോഴും കപ്പൽശാല സ്വകാര്യവൽക്കരണ നീക്കം ശക്തമായി മുന്നോട്ടുപോകുന്നു.