1482 അര്‍ബന്‍ സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്കിന് കീഴിലാക്കി

രാജ്യത്തെ 1,482 അര്‍ബന്‍ സഹകരണബാങ്കുകളുടെയും പല സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള 58 സഹകരണബാങ്കുകളുടെയും നിയന്ത്രണം റിസര്‍വ് ബാങ്കിന് കീഴിലാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഓര്‍ഡിനന്‍സ് രാഷ്ട്രപതി അംഗീകരിക്കുന്ന ദിവസംമുതല്‍ ഇത് പ്രാബല്യത്തിലാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു

നിലവില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സഹകരണ സൊസൈറ്റി രജിസ്ട്രാറിന്റെയും റിസര്‍വ് ബാങ്കിന്റെയും സംയുക്തനിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയിലെ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര അര്‍ബന്‍ സഹകരണബാങ്കിലെ വായ്പത്തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ സുരക്ഷ മുന്‍നിര്‍ത്തി അര്‍ബന്‍ സഹകരണബാങ്കുകളില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ 2020 മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും കോവിഡിനെത്തുടര്‍ന്ന് ബജറ്റ് സമ്മേളനത്തില്‍ ഇത് പാസ്സാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സ് പ്രകാരം രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്കുള്ള എല്ലാ മാനദണ്ഡ!ങ്ങളും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും. 1540 സഹകരണ ബാങ്കുകളുടെ കീഴിലുള്ള 8.6 കോടി വരുന്ന നിക്ഷേപകരുടെ 4.84 ലക്ഷം കോടി രൂപയുടെ നിക്ഷേപം സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഭേദഗതി ബില്ലനുസരിച്ച്‌ സഹകരണബാങ്കുകളുടെ സി.ഇ.ഒ. നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം. സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് കീഴില്‍വരുന്ന ഏതു സഹകരണബാങ്കിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അസാധുവാക്കാന്‍ ആര്‍.ബി.ഐക്ക് അധികാരമുണ്ടായിരിക്കും. ആവശ്യമെങ്കില്‍ അതതു സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടിയശേഷം അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുമാകാം.