ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണം ഈ സാമ്പത്തിക വര്‍ഷം 21 ശതമാനം കുറയും

ന്യൂഡല്‍ഹി: രാജ്യത്തേക്ക് പ്രവാസികളയക്കുന്ന വിദേശ പണത്തിന്റെ വരവ് ഈ സാമ്പത്തിക വര്‍ഷം 21 ശതമാനത്തോളം കുറയുമെന്ന് റിപ്പോര്‍ട്ട്. സ്വിസ് ബാങ്കിംഗ് ഗ്രൂപ്പായ യുബിഎസിന്റേതാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതാണ് മാന്ദ്യത്തിലേക്ക് പോകാന്‍ കാരണം. നേരത്തേയുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യവും വിദേശ ഇന്ത്യക്കാരുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തിയയെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്തു നിന്ന് പ്രവാസികളിലൂടെ കൂടുതല്‍ പണമെത്തുന്ന രാജ്യങ്ങളില്‍ ഒന്നാമതാണ് ഇന്ത്യ. 7600 കോടി ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്കെത്തിയത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.7 ശതമാനം വരുമിത്. 150 കോടി ഡോളറിലേറെ എത്തുന്ന കേരളമാണ് വിദേശനാണ്യം സമ്പാദിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നില്‍. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ആകെ വരുന്നതിന്റെ 50 ശതമാനത്തോളം പണവും എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ മലയാളികളടക്കമുള്ള സാധാരണ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമോ ശമ്പളമില്ലാത്ത അവധിയോ നേരിടേണ്ടി വന്നിരിക്കുന്നത് വിദേശത്തു നിന്നുള്ള പണം വരവിനെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, എണ്ണവിലയില്‍ സമീപകാലത്തുണ്ടായ വിലത്തകര്‍ച്ചയും ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി മോശമാക്കിയിട്ടുണ്ട്. യുബിഎസിന്റെ കണക്കനുസരിച്ച് എണ്ണവിലയില്‍ ഉണ്ടാകുന്ന 10 ശതമാനം കുറവ് ഇന്ത്യയിലേക്കുള്ള പണം വരവില്‍ ഏഴു ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം തൊഴിലിനെ ബാധിച്ചിരിക്കുന്നത് സാധാരണ തൊഴിലാളികളെയാണ്. മലയാളി പ്രവാസികളില്‍ 90 ശതമാനത്തിലേറെ ഇത്തരം തൊഴിലാളികളാണ്. ലക്ഷക്കണക്കിന് വരുന്ന ഈ തൊഴിലാളികള്‍ ഓരോ മാസവും നേടുന്ന വരുമാനം വീടുകളിലേക്ക് അയക്കുന്നതാണ് കേരളത്തിന്റെ വിദേശ പണം വരവ് വര്‍ധിക്കാന്‍ കാരണം.
നേരേ മറിച്ച് യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കുടിയേറി സ്ഥിരതാമസമുറപ്പിച്ചിരിക്കുന്ന മലയാളികള്‍ കൂടുതല്‍ പണം കേരളത്തിലേക്ക് അയക്കുന്നില്ല. അതുകൊണ്ട് സാധാരണക്കാരുടെ വരുമാനം ഇല്ലാതായത് കേരളത്തിന് വലിയ ആഘാതമാകും.