മാരുതിക്കും നഷ്ടം; കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം വില്പന കുറഞ്ഞു

രാജ്യത്തെ കൊവിഡ് വ്യാപനവും അതിനെ തുടര്‍ന്ന് നിരന്തരം ഏര്‍പ്പെടുത്തുന്ന ലോക്ഡൗണുകളും മാരുതിയുടെ കാര്‍ വില്‍പനയെ ഇപ്പോള്‍ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ത്രൈമാസ വില്‍പനയില്‍ കഴിഞ്ഞ 17 വര്‍ഷത്തിലാദ്യമായി മാരുതി നഷ്ടം രേഖപ്പെടുത്തി. 249.4 കോടിയാണ് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം.
കഴിഞ്ഞ വര്‍ഷം ഈ സമയം 1435.5 കോടി ലാഭമാണ് മാരുതിക്ക് ഉണ്ടായിരുന്നത്. 2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 3677.5 കോടി രൂപയാണ് വരുമാനം ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 80.37 ശതമാനം കുറവാണ്. ജൂണ്‍ 30ഓടെ ആകെ മൊത്തം ലഭിച്ച വരുമാനം 5424.8 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 73.61 ശതമാനം വരുമാനം കുറവാണിത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചിലവിലും വലിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം വാഹന വിപണനത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചിലവ് 18465.3 കോടിയായിരുന്നു ഈ വര്‍ഷം 69.05 കുറഞ്ഞ് 5770.5 കോടിയായി. ഈ സാമ്പത്തിക വര്‍ഷത്തില്‍ 67027 വാഹനങ്ങള്‍ രാജ്യത്തും 9572 വാഹനങ്ങള്‍ വിദേശത്തും വിറ്റഴിച്ചു. മൊത്തം ഈ സാമ്പത്തിക വര്‍ഷത്തില്‍ 76599 വാഹനങ്ങള്‍ വിറ്റു. കമ്പനി ചരിത്രത്തില്‍ മുന്‍പെങ്ങുമുണ്ടാകാത്ത തരം മോശമായ മൂന്ന് മാസങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് മാരുതി കമ്പനി അറിയിച്ചു. ലോക്ഡൗണ്‍ തുടങ്ങി കുറച്ച് നാളുകളില്‍ നിര്‍മ്മാണവും വില്‍പനയും നടന്നതേയില്ലെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഓഹരി വിപണിയിലും മാരുതിയുടെ മൂല്യം 2.65 ശതമാനം ഇടിവുണ്ടാകുകയും ചെയ്തു.