ബാങ്ക് ജപ്തി ചെയ്തു; റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം അനില്‍ അംബാനിക്ക് നഷ്‌ടമായി

മുംബയ്: മുംബയ് സാന്താക്രോസിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ആസ്ഥാനം അനില്‍ അംബാനിക്ക് നഷ്‌ടമായി. ആസ്ഥാനത്തിന് പുറമെ ദക്ഷിണ മുംബയിലുള്ള രണ്ട് ഓഫീസുകളും അനില്‍ അംബാനിയില്‍ നിന്ന് യെസ് ബാങ്ക് പിടിച്ചെടുത്തു. കമ്പനിയ്ക്ക് യെസ് ബാങ്കില്‍ 2,892 കോടി രൂപയുടെ ബാദ്ധ്യതയാണുണ്ടായിരുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബാങ്ക് നടപടി.അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

അതിനിടെ പല ഓഫീസുകളുടെയും പ്രവര്‍ത്തനം കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജീവനക്കാരെല്ലാം വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്‌തിരുന്നത്. 21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബയ് എയര്‍പോര്‍ട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്.