വര്‍ക്ക് അറ്റ് ഹോം; വന്‍കിട ഐ.ടി കമ്പനികളടക്കം ഓഫിസ് ചുരുക്കുന്നു

അന്‍ഷാദ് കൂട്ടുകുന്നം

തിരുവനന്തപുരം: കോവിഡ് ഐ.ടി മേഖലയില്‍ പുതിയ തൊഴില്‍ സംസ്‌കാരവും ഓഫിസ് വെട്ടിച്ചുരുക്കലും തകൃതി. വന്‍കിട ഐ.ടി കമ്പനികളടക്കം തങ്ങളുടെ ഓഫിസ് സ്‌പേസ് വെട്ടിച്ചുരുക്കുകയാണ്. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലധികം സ്ഥലമുണ്ടായിരുന്ന കമ്പനികള്‍ രണ്ടായിരം ചതുരശ്ര അടിയിലേക്കാണ് ചുരുക്കുന്നത്.
ജീവനക്കാര്‍ വീടുകളില്‍ ഇരുന്നു മികച്ച രീതിയില്‍ ജോലി ചെയ്തുതുടങ്ങിയതോടെയാണ് ഓഫിസ് സ്ഥലം വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നത്. ഇതോടെ വാടക, വൈദ്യുതി, ക്ലീനിങ് തുടങ്ങി പകുതിയോളം ചെലവ് കുറയ്ക്കാമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ പല കമ്പനികളും ഉടമകള്‍ക്ക് നോട്ടിസ് നല്‍കിക്കഴിഞ്ഞു. പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസ് ഇനി 75 ശതമാനം ജോലിയും വീട്ടില്‍ നിന്നാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഫിസ് ചെറുതാക്കി. ഉല്പാദനക്ഷമതയില്‍ കുറവു വരാതെ ജീവനക്കാര്‍ കൂടുതല്‍ സമയം വീടുകളില്‍ ഇരുന്നു ജോലി ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനികള്‍ കരുതുന്നത്.
വിപ്രോയും ഓഫിസ് സ്‌പേസ് കുറയ്ക്കുകയാണ്. അതേസമയം ചെറിയ കമ്പനികള്‍ ഇതിനകം ചെറിയ ഓഫിസുകളിലേക്ക് മാറിക്കഴിഞ്ഞു.
ജീവനക്കാരുടെ മീറ്റിങ്ങുകള്‍ ഓണ്‍ലൈനിലാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് മാറിയാല്‍ മാസത്തില്‍ ഒരിക്കല്‍ ഹോട്ടലുകളിലേക്ക് മീറ്റിങ് മാറ്റാനും ഒപ്പം വര്‍ക്ക് അറ്റ് ഹോം തുടരാനുമാണ് കമ്പനികളുടെ പരിപാടി. വന്‍ കമ്പനികളുടെ ഓഫിസ് വെട്ടിച്ചുരുക്കല്‍ ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തേയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഐ.ടി ജീവനക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപ പ്രദേശങ്ങളിലെ ഹോസ്റ്റലുകളും ഹോംസ്‌റ്റേകളും വാടക കെട്ടിടങ്ങളും ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതു വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ ഐ.ടി ഹബായ തിരുവനന്തപുരം ബിസിനസ് മാന്ദ്യത്തിലേക്കു കൂപ്പുകുത്തും.