ന്യൂഡല്‍ഹി: എയര്‍ഇന്ത്യ എക്സ്പ്രസില്‍ ശമ്പളം വെട്ടിക്കുറച്ചു. വരുമാനത്തില്‍ ഗണ്യമായ കുറവുവന്നതോടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിത ശമ്പള, അലവന്‍സ് കരാറിന് കീഴിലുള്ള കമാന്‍ഡര്‍മാര്‍ക്കുള്ള ശമ്പളം പകുതിയായി കുറച്ചു. ട്രെയിനി ക്യാപ്റ്റന്മാരുടെ മൊത്ത വേതനം 40 ശതമാനം കുറയ്ക്കും. ഫസ്റ്റ് ഓഫീസര്‍മാര്‍, സഹ പൈലറ്റുകള്‍, ട്രെയിനി സഹ പൈലറ്റുകള്‍ എന്നിവരുടെ അലവന്‍സുകള്‍ 40 ശതമാനം കുറച്ചു. ഇതിന് പുറമെ, അവരുടെ ആഭ്യന്തര ലേവര്‍ അലവന്‍സുകളും 40 ശതമാനം കുറച്ചിട്ടുണ്ട്. ട്രെയിനി പൈലറ്റുകളുടെ പ്രതിമാസ സ്റ്റൈപ്പന്റ് കമ്പനി 10 ശതമാനം കുറവ് വരുത്തി, ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള മണിക്കൂര്‍ പ്രതിഫല നിരക്കും 40 ശതമാനം വെട്ടിക്കുറച്ചു. ലീഡ് ക്രൂ അലവന്‍സ്, ബേസ് മാനേജര്‍ അലവന്‍സ് പോലുള്ള ക്യാബിന് ക്രൂവിനുള്ള വിവിധ അലവന്‍സുകള്‍ 20 ശതമാനം കുറവുവരുത്തി.
എയര്‍ലൈന്‍ മാനവവിഭവശേഷി മേധാവി ടി. വിജയ് കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
1,700 പൈലറ്റുമാര്‍ എയര്‍ ഇന്ത്യയ്ക്കും 350 പൈലറ്റുമാര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനുമുണ്ട്. കൊവിഡ് 19 മഹാമാരി കാരണം 2020 -നും 2022 -നും ഇടയിലെ കാലയളവില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1.3 ട്രില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടം നേരിടുന്നുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ജൂലൈയില്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മുതിര്‍ന്ന പൈലറ്റുമാര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും നല്‍കിയിരുന്ന അലവന്‍സ് 40 ശതമാനം കുറച്ചു.