മലയാളികളില്‍ 97 ശതമാനവും മാംസാഹാരപ്രിയര്‍; നല്ല മാംസം കൊടുക്കാനായി സര്‍ക്കാരും

കൊച്ചി: മലയാളികളില്‍ 97 ശതമാനവും മാംസാഹാരപ്രിയര്‍. രജിസ്ട്രാര്‍ ജനറല്‍ ഓഫ് സര്‍വെ രാജ്യത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്ത്രീകളാണ് അക്കാര്യത്തിലും ഒരുപടി മുന്നില്‍. 97.4 ശതമാനം സ്ത്രീകളും മാംസാഹാരപ്രിയരാണ്. 96.6 ശതമാനം പുരുഷന്മാരും.
മാംസാഹാര പ്രിയര്‍ക്ക് ഗുണനിലവാരമുള്ളവ ഉറപ്പുവരുത്തുന്നതിനായി 1973ല്‍ മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ(എംപിഐ) എന്ന പൊതുമേഖലാസ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 17 കോടിയിലധികമാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്. 2018-19ല്‍ 15.95 കോടി രൂപയായിരുന്നു.
ജനങ്ങളുടെ വര്‍ധിച്ച മാംസാഹാര പ്രിയം കണക്കിലെടുത്തും വിദേശരാജ്യങ്ങളിലേക്കുള്ള പോത്തിറച്ചി കയറ്റുമതി ലക്ഷ്യമിട്ടും ഇടയാറില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഹൈടെക് സ്ലോട്ടര്‍ ഹൗസിന്റെ (അബറ്റയര്‍) നിര്‍മ്മാണം ആരംഭിച്ചു. പ്രവര്‍ത്തനം നിലച്ചിരുന്ന പൗള്‍ട്രിഫാമിനെ പുനരുജ്ജീവിപ്പിച്ചത് മറ്റൊരു നേട്ടമാണ്. ഒരു ബാച്ചില്‍ 10,000 ല്‍പ്പരം കോഴികളെ വളര്‍ത്തിയെടുക്കാനാവുന്ന തരത്തിലേക്ക് ഫാമിനെ വിപുലപ്പെടുത്താനായി. ദിനംപ്രതി 2,500 കോഴികളെ കശാപ്പുചെയ്ത് സംസ്‌കരിക്കുന്ന കോഴി സംസ്‌കരണ പ്ലാന്റ്, ആട്, താറാവ്, പന്നി ഇറച്ചി സംസ്‌കരണ ഫാക്ടറിയും എംപിഐയുടെ മുതല്‍ക്കൂട്ടാണ്. ഒരു ഷിഫ്റ്റില്‍ ഒരു മെട്രിക് ടണ്‍ ഇറച്ചി സംസ്‌കരിച്ചിരുന്നിടത്ത് ഇന്ന്, ദിനംപ്രതി മൂന്ന് മെട്രിക് ടണ്‍ ഉല്പാദനം നടക്കുന്നു.
ആര്‍കെവിവൈ സ്‌കീം പ്രകാരം പിഗ് സാറ്റലൈറ്റ് യൂണിറ്റുകള്‍ സ്ഥാപിച്ച് 25 ശതമാനം സബ്‌സിഡി നല്‍കി പന്നിക്കുട്ടികളെ വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് നല്‍കി ഇറച്ചിപരുവത്തില്‍ തിരിച്ചെടുക്കുന്ന പദ്ധതി തുടര്‍ന്നുവരുന്നു. ഈ കാലഘട്ടത്തില്‍ ഏതാണ്ട് 2,000 പന്നിക്കുട്ടികളെ വളര്‍ത്താന്‍ നല്‍കിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് താല്പര്യം മൂല്യവര്‍ധിത മാംസാഹാരങ്ങളോടാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് 1,350 ലക്ഷം രൂപ മുതല്‍മുടക്കി കൊല്ലം ഏരൂരില്‍ അത്യാധുനിക മൂല്യവര്‍ധിത മാംസസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
‘കേരള ചിക്കന്‍’ പദ്ധതിയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ വളര്‍ത്തിയെടുക്കുന്ന കോഴികളെ സര്‍ക്കാര്‍ നിശ്ചിത വിലയ്ക്ക് എംപിഐ ഏറ്റെടുക്കുന്നുണ്ട്. ഇതിനകം 45 ലക്ഷം രൂപയുടെ കോഴികളെ വാങ്ങി. കോവിഡ് 19 കാലഘട്ടത്തില്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് പക്ഷിമൃഗാദികളെ വാങ്ങുവാനും അവര്‍ക്കു സഹായവില നല്‍കാനും കേരള സര്‍ക്കാര്‍ കോവിഡ്-19 സ്‌പെഷല്‍ പാക്കേജായി 200 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. കര്‍ഷകരില്‍നിന്ന് നേരിട്ട് പക്ഷിമൃഗാദികളെ ഇടനിലക്കാരില്ലാതെ വാങ്ങാനുള്ള പാക്കേജാണിത്. ചാലക്കുടിയില്‍ സ്വന്തമായുള്ള 16 ഏക്കറില്‍ 19.5 കോടി മുതല്‍മുടക്കി കാള, പോത്ത് കിടാരി വളര്‍ത്തല്‍ കേന്ദ്രം നിര്‍മ്മിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.