ആമസോണ്‍ പ്രൈംഡേ; 209 കച്ചവടക്കാര്‍ക്ക് ഒരു കോടിയിലധികം രൂപയുടെ വ്യാപാരം

ആമസോണ്‍ നടത്തിയ രണ്ടു ദിവസത്തെ പ്രൈം ഡേ വ്യാപാരത്തില്‍ രാജ്യത്തെ 209 കച്ചവടക്കാര്‍ക്ക് കോടിയിലധികം രൂപയുടെ വ്യാപാരം. ഓഗസ്റ്റ് 6, 7 തീയ്യതികളില്‍ ആമസോണില്‍ നടന്ന പ്രൈം ഡേ വില്‍പനയുടെ കണക്കുകള്‍ ആണ് പുറത്ത് വരുന്നത്. ദീപാവലി വില്‍പനയെ പോലും വെല്ലുന്നതായിരുന്നു ഈ സമയത്തെ വില്‍പന.
കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം നടന്ന ആദ്യത്തെ പ്രധാന വന്‍വില്‍പന ആയിരുന്നു നടന്നത്. ഇതിലാണ് ആമസോണ്‍ റെക്കോര്‍ഡുകള്‍ മറികടന്നിരിക്കുന്നത്. ആമസോണിന്റെ ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാളാണ് എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
991,000 ല്‍ പരം ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ ആയിരുന്നു പങ്കെടുത്തത്. ലോക്ക്ഡൗണും കൊവിഡും കാരണം നട്ടെല്ല് തകര്‍ന്ന് കിടന്നിരുന്ന പ്രാദേശിക വ്യാപാരികള്‍ക്ക് ഉണര്‍വ്വേകുന്നതായിരുന്നു വില്‍പന. 209 വ്യാപാരികള്‍ ഈ പ്രൈം ഡേ വില്‍പനയിലൂടെ കോടീശ്വരന്‍മാര്‍ ആയെങ്കില്‍, ചെറുകിട കച്ചവടക്കാരും അവരുടേതായ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. 10 ലക്ഷം രൂപയില്‍ അധികം വില്‍പന നേടിയ ചെറുകിട കച്ചവടക്കാരുടെ എണ്ണം നാലായിരത്തിന് മുകളില്‍ ആണെന്നും ആമസോണ്‍ വ്യക്തമാക്കുന്നുണ്ട്.
കരകൗശല-നെയ്ത്തുകാര്‍ 6.7 ഇരട്ടി വളര്‍ച്ച നേടി. സഹേലിയില്‍ നിന്നുള്ള സംരഭകര്‍ 2.6 ശതമാനവും സ്റ്റാര്‍ട്ട് അപ്പ് ബ്രാന്‍ഡുകള്‍ 2.1 ഇരട്ടിയും വളര്‍ച്ച സ്വന്തമാക്കി. ഏറ്റവും അധികം തുകയ്ക്ക് വിറ്റുപോയത് കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ എന്നിവയായിരുന്നു.