കടകളില്‍ ഉള്ളി വില 20 രൂപ മുതല്‍ 30 രൂപ വരെ. എന്നാല്‍ കര്ഷകന്
ലഭിക്കുന്നത് ഒരു രൂപ. മഹാരാഷ്ട്രയിൽ പല ഭാഗങ്ങളിലും കനത്ത മഴയെത്തുടർന്ന് ഉള്ളി മൊത്ത വില കിലോയ്ക്ക് 1 രൂപയായി കുറഞ്ഞു. വാശി എപിഎംസിയിൽ ഈ സീസണിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ചെറിയ ഉള്ളി കിലോയ്ക്ക് ഒരു രൂപ മുതൽ 4 രൂപ വരെയാണ് വില. ഇടത്തരം ഉള്ളിയ്ക്ക് 5 മുതൽ 7 രൂപ വരെയും സവാളയ്ക്ക് കിലോയ്ക്ക് മൊത്ത വിപണിയിൽ 8 മുതൽ 10 രൂപ വരെയുമാണ് വില. എന്നാൽ, ചില്ലറ വ്യാപാരികൾ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ കൈമാറുന്നില്ല.
മഴക്കാലത്ത് വിളയ്ക്ക് നാശമുണ്ടാകുമെന്ന് ഭയന്ന് കൂടുതല്‍ കാലം സ്റ്റോക്കുകള്‍ കരുതാനാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. സൂക്ഷിച്ചുവച്ച് നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു. പുതിയ വിളയുടെ ശക്തമായ ഉല്പാദനവും മഴയുമാണ് വിലയില്‍ ഇടിവുണ്ടാകാന്‍ കാരണം. ഉള്ളിവില താഴ്ന്നതോടെ കര്‍ഷകര്‍ ദുരിതത്തിലായി. സീസണിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഉള്ളിയുടെ വില കിലോക്ക് 200 രൂപ കടന്നിരുന്നു. ഉല്പാദനക്കുറവും കൃഷി നശിച്ചതുമാണ് അന്ന് വില കുത്തനെ ഉയരാന്‍ കാരണമായത്. വില നിയന്ത്രിക്കുന്നതിനായി തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അനുകൂല കാലാവസ്ഥയും ഉല്പാദനം വര്‍ധിച്ചതും വില കുറയാന്‍ കാരണമായി.