അനില്‍ അംബാനിയുടെ കുടിശിക മുകേഷ് അംബാനി അടച്ചേ മതിയാകൂ

റിലയന്‍സ് കമ്യൂണിക്കേഷന്റെ കുടിശിക റിലയന്‍സ് ജിയോ അടച്ചേ മതിയാകൂ. എജിആര്‍ ഇനത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ കുടിശ്ശിക റിലയന്‍സ് ജിയോ അടച്ചുതീര്‍ക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
2016 മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സ്പെക്ട്രമാണ് ജിയോ ഉപയോഗിക്കുന്നത്. അതുകൊണ്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ പേരിലുള്ള കുടിശ്ശിക മുഴുവന്‍ ജിയോ അടച്ചുതീര്‍ക്കണം, വെള്ളിയാഴ്ച്ച സുപ്രീം കോടതി വ്യക്തമാക്കി. അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക തീരുമാനം അറിയിച്ചത്. ഇതേസമയം, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ സ്പെക്ട്രം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് റിലയന്‍സ് ജിയോ
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി സ്പെക്ട്രം പങ്കിടുക മാത്രമാണ് ജിയോ ചെയ്യുന്നത്. അതുകൊണ്ട് സ്പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ചിലവുകള്‍ മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് ജിയോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെവി വിശ്വനാഥന്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്തായാലും വിഷയത്തില്‍ വാദം ഉന്നയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സ്പെക്ട്രത്തിന്റെ ‘ഒരു ഭാഗം’ മാത്രമാണ് ജിയോ പങ്കിടുന്നത്. ‘മറ്റൊരു ഭാഗം’ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണെന്ന് റിലയന്‍സ് ജിയോ കോടതിയില്‍ അറിയിച്ചു. 2016 -ലാണ് ആര്‍കോമിന്റെ സ്പെക്ട്രം പങ്കിടാന്‍ റിലയന്‍സ് ജിയോ തീരുമാനിക്കുന്നത്. ധാരണപ്രകാരം 800 ങഒ്വ ബാന്‍ഡ് ശേഷിയില്‍ ജിയോ ആര്‍കോം സ്പെക്രം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്പെക്ട്രം ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ ആര്‍കോമിന്റെ കുടിശ്ശിക ജിയോ അടയ്ക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് സുപ്രീം കോടതി. ഇതാദ്യമായാണ് ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തിലെ കുടിശ്ശികയുടെ പേരില്‍ റിലയന്‍സ് ജിയോ പ്രതിക്കൂട്ടിലാവുന്നത്. നേരത്തെ, എജിആര്‍ ഇനത്തില്‍ 195 കോടി രൂപ അടച്ച് ജിയോ അടച്ചിരുന്നു. എന്നാല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഭീമന്‍ കുടിശ്ശിക കമ്പനിക്ക് അപ്രതീക്ഷിത തിരിച്ചടിയാവുകയാണ്. നിലവില്‍ 31,000 കോടി രൂപയുടെ കുടിശ്ശിക ആര്‍കോമിന് സര്‍ക്കാരിലേക്ക് അടച്ചുതീര്‍ക്കാനുണ്ട്. 2016 -ല്‍ എട്ടു സര്‍ക്കിളുകളിലെ സ്പെക്ട്രം റഇലയന്‍സ് കമ്മ്യൂണിക്കേഷനില്‍ നിന്നും ജിയോ വാങ്ങിയിരുന്നു. 17 സര്‍ക്കിളുകളില്‍ സ്പെക്ട്രം ബാന്‍ഡ് പങ്കിടാനുമാണ് ഇരു കമ്പനികളും ധാരണയായത്. ഏറ്റവും പുതിയ കണക്കുപ്രകാരം ജിയോയുടെ 38 ശതമാനം സ്പെക്രവും റിലയന്‍സ് കമ്മ്യൂണിക്കേഷന്റേതാണ്. സ്പെക്ട്രം ഉപയോഗിക്കുന്നതിന്റെ ഭാഗമായി നിശ്ചിത തുക ആര്‍കോമിന് റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്. എയര്‍സെല്‍, വീഡിയോക്കോണ്‍ കമ്പനികളുടെ സ്പെക്ട്രം ആരാണ് ഉപയോഗിക്കുന്നതെന്ന കാര്യവും വെള്ളിയാഴ്ച്ച സുപ്രീം കോടതി അന്വേഷിച്ചു.