മുംബൈ: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് ശേഷം ഫ്ലിപ്പ്കാര്‍ട്ടും മദ്യവ്യാപാരത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ രണ്ടു നഗരങ്ങളില്‍ മദ്യം എത്തിക്കുന്നതിനായി ഫ്ലിപ്പ്കാര്‍ട്ട് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഡയാജിയോയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്കും ഇനി മദ്യം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം.
മദ്യ വില്‍പ്പന നിരോധനം നീക്കിയതോടെ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്കി. കൊവിഡ് -19 മഹാമാരി മൂലം പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയുന്നവരുടെ മദ്യത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ തുടങ്ങിയതിനാല്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയും ചില നഗരങ്ങളിലേക്ക് മദ്യം എത്തിക്കാന്‍ തുടങ്ങി. സോമാറ്റോയും സ്വിഗ്ഗിയും ജാര്‍ഖണ്ഡിലും ഒഡീഷയിലും മദ്യം വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, ബംഗാളില്‍ ഹോം ഡെലിവറിക്ക് ബിഗ് ബാസ്കറ്റും ഒരുങ്ങുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിക്കുന്നതിന് സ്വിഗി മദ്യത്തിന്റെ ഹോം ഡെലിവറിക്ക് പിന്തുണ നല്‍കുന്നതിനായി ചില സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വരികയാണ്. സുരക്ഷിതമായി മദ്യം വിതരണം ചെയ്യുന്നതിനും ബാധകമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഡെലിവറികള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ബന്ധിത പ്രായ പരിശോധന, ഉപയോക്തൃ പ്രാമാണീകരണം എന്നിവ പോലുള്ള നടപടികള്‍ സ്വിഗ്ഗി അവതരിപ്പിച്ചിട്ടുണ്ട്.