ഉണ്ണി മുകുന്ദനും നിര്‍മാണ കമ്പനി ആരംഭിച്ചു

സ്വന്തം സിനിമാ നിർമ്മാണക്കമ്പനിയുമായി യുവനടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണക്കമ്പനിയുടെ വിവരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. യുവതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവർക്കൊക്കെ സ്വന്തമായി നിർമ്മാണക്കമ്പനിയുണ്ട്. 2011ൽ നന്ദനം എന്ന മലയാള ചിത്രത്തിൻ്റെ തമിഴ് റീമേക്കായ സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമാഭിനയം തുടങ്ങുന്നത്. ബോംബേ മാർച്ച് 12 എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി. 2012ൽ വൈശാഖിൻ്റെ മല്ലു സിങ് ഉണ്ണി മുകുന്ദൻ്റെ കരിയറിൽ ബ്രേക്ക് ആയി. 2014ലെ വിക്രമാദിത്യനായിരുന്നു അടുത്ത ഹിറ്റ്. ഫയർമാൻ, കെ എൽ 10, തെലുങ്ക് ചിത്രം ജനത ഗാരേജ്, മൈ ഗ്രേറ്റ് ഗ്രൻഡ് ഫാദർ തുടങ്ങി നിരവധി ചിത്രങ്ങളിൽ പിന്നീട് അദ്ദേഹം അഭിനയിച്ചു. മാമാങ്കം ആണ് അവസാനമായി റിലീസായ ചിത്രം. ഗായകൻ, ഗാനരചയിതാവ്, അസിസ്റ്റൻ്റ് ഡയറക്ടർ എന്നീ മേഖകളിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്.