സാംസങ് ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതി; ലക്ഷ്യം ഇന്ത്യന്‍ മാര്‍ക്കറ്റ്

ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് സ്മാര്‍ട്ഫോണ്‍ ഉല്‍പാദനത്തിന്റെ പ്രധാന ഭാഗം വിയറ്റ്നാമില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് മൂന്നു ലക്ഷം കോടി രൂപ മൊത്തം മൂല്യമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണം മാറ്റുന്നതിനായി സാംസങ് അവരുടെ ഉല്‍പാദന ലൈനുകള്‍ വൈവിധ്യവത്കരിക്കാനാണ് സാധ്യത. ഇത് വിയറ്റ്നാം പോലുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് മാറി ഇന്ത്യയില്‍ കമ്പനി സജീവമാക്കുന്നതിന് കാരണമാകും
‘ ഈ നീക്കത്തെ കുറിച്ച് അറിവുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് വിയറ്റ്നാം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ (പിഎല്‍ഐ പദ്ധതി പ്രകാരം) 40 ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് സാസംഭ് സമര്‍പ്പിച്ചതായാണ് പറയപ്പെടുന്നത്. ഈ നീക്കം എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാര്‍) ന്യൂനത നികത്താന്‍ ഇന്ത്യയെ സഹായിച്ചേക്കാം അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിലകുറഞ്ഞ ഇറക്കുമതി ഒഴിവാക്കാനുള്ള (സ്വതന്ത്ര വ്യാപാര കരാര്‍ കാരണം) മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ മുതല്‍ക്കൂട്ടാവാന്‍ സാംസങിന്റെ നീക്കം സഹായിച്ചേക്കാമെന്ന് അധികൃതര്‍ പറയുന്നു. സാംസങിന്റെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് നോയിഡയിലാണ്, അവിടെ നിന്ന് മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നു. വ്യവസായ കണക്കുകള്‍ അനുസരിച്ച്, നിലവില്‍ വിയറ്റ്നാമില്‍ നിന്ന് കമ്പനി ഏകദേശം 50 ശതമാനം ഫോണുകള്‍ നിര്‍മ്മിക്കുന്നു. തൊഴില്‍ ചെലവ് കൂടുതലുള്ള ദക്ഷിണ കൊറിയയില്‍ ഉല്‍പാദനം അവസാനിപ്പിക്കുന്ന പ്രക്രിയയിലാണിത്. ഇതിന് പുറമെ, ബ്രസീലിലും ഇന്തൊനീഷ്യയിലും കമ്പനിയ്ക്ക് നിര്‍മ്മാണശാലകളുണ്ട്. സാംസങിന്റെ ഈ നീക്കം ഫലപ്രദമാകുന്നതോടെ, ആപ്പിളിന് പുറമെ ഇന്ത്യയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്ന പ്രമുഖ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളുടെ എണ്ണം രണ്ടാവും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അമേരിക്കന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ ആപ്പിള്‍, കമ്പനിയുടെ പ്രധാന ഉല്‍പാദനം ഇന്ത്യയിലേക്ക് മാറ്റുകയാണെന്ന വാര്‍ത്ത വന്നത്. ഏകദേശം 270 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് ആഗോള സ്മാര്‍ട്ഫോണ്‍ കയറ്റുമതി വിപണി. നിലവിലെ മൂല്യം അനുസരിച്ച് ആപ്പിളിന് 38 ശതമാനം വിപണി പങ്കാളിത്തവും സാംസങിന് 22 ശതമാനം വിപണി പങ്കാളിത്തവുമാണുള്ളത്.