കേരളത്തിന്റെ എതിര്‍പ്പ് തള്ളി; തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നൽകാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്‌ നൽകിയത്‌. കേരള സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു നിർദേശം. ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകും.

വിമാനത്താവളത്തിൻ്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ​ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂ‍ർ, ​ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തു. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.