കോവിഡ് പ്രതിസന്ധി; ടൂറിസം മേഖലയില്‍ 455 കോടി രൂപയുടെ സര്‍ക്കാര്‍ പാക്കേജ്

സര്‍വ മേഖലകളെയും പോലെ ടൂറിസം മേഖയേയും കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുകയാണ്. 1.5 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന് 45,019 കോടി രൂപയോളം വരുമാനം നേടിക്കൊടുക്കുകയും ചെയ്ത ടൂറിസം മേഖല കോവിഡ് മൂലം പ്രതിസന്ധിയിലായിട്ട് നാളേറെയാണ്. ടൂറിസവുമായി ബന്ധപ്പെട്ട 90 ശതമാനം പ്രവര്‍ത്തന മേഖലയും സ്തംഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ മേഖലയില്‍ മാത്രം തൊഴില്‍ നഷ്ടമായത്.
ടൂറിസം മേഖലയിലെ സംരംഭകര്‍ക്ക് കോവിഡ് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എല്ലാ ജില്ലയിലും ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ആശ്വാസ പാക്കേജിന് അര്‍ഹത ലഭിക്കും.
കോവിഡ് മഹാമാരി മൂലം പ്രവര്‍ത്തന മൂലധനം സ്തംഭിച്ച സംരംഭകര്‍ക്ക് പുനരുജ്ജീവന പാക്കേജായിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ പരമാവധി 25 ലക്ഷം വരെയായിരിക്കും വായ്പ അനുവദിക്കുക. മേഖലയിലെ ചെറുകിടക്കാര്‍ക്കുള്‍പ്പെടെ 455 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വളരെക്കാലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മേഖലയിലെ പുതിയ സംരംഭകര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പദ്ധതി പ്രയോജനപ്പെടുത്താം. പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മതിയായ രേഖകളും ലൈസന്‍സും കെവൈസി ഫോമും പൂരിപ്പിച്ചാല്‍ (ബാങ്ക് ആവശ്യപ്പെടുന്ന സാമ്പത്തിക രേഖകള്‍) സംരംഭകര്‍ക്ക് ലോണ്‍ ലഭിക്കും.
വര്‍ക്കിംഗ് ക്യാപിറ്റല്‍ ഡിമാന്‍ഡ് ലോണ്‍’ വിഭാഗത്തിലാകും വായ്പ ലഭിക്കുക. 2021 മാര്‍ച്ച് 31 വരെയാണ് വായ്പാ പദ്ധതിയുടെ കാലാവധി. ആറ് മാസത്തെ തിരിച്ചടവ് അവധി ഉള്‍പ്പെടെ 42 മാസമായിരിക്കും ലോണ്‍ തിരിച്ചടവിനുള്ള കാലാവധി. കമ്പനിയുടെ സാമ്പത്തിക അടിത്തറ, തിരിച്ചടവ് ശേഷി എന്നിവ പരിശോധിച്ചതിനുശേഷം മാത്രമാകും ബാങ്ക് ലോണ്‍ അനുവദിക്കുക. രേഖകളുടെ അടിസ്ഥാത്തിലായിരിക്കും വായ്പാതുക നിശ്ചയിക്കുക.
വായ്പ ലഭിച്ച് ആദ്യ 12 മാസം പലിശയുടെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കുന്നതാണ്. 13 ാം മാസം മുതല്‍ പൂര്‍ണമായും സംരംഭകര്‍ തന്നെ തിരിച്ചടവ് നടത്തണം. ഈ കാലാവധിക്കുള്ളില്‍ തിരിച്ചടവ് സാധ്യമാക്കുന്ന സംരംഭകര്‍ക്ക് പദ്ധതിയുടെ പൂര്‍ണ ഇളവുകളും പ്രയോജനപ്പെടുത്താം. അയ്യായിരത്തോളം യൂണിറ്റുകളുടെ ഉള്‍പ്പെടുത്തിയുള്ള ടൂറിസം സംരംഭങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് വായ്പാ പദ്ധതി അവതരിച്ചിരിക്കുന്നത്.