റിലയന്‍സിന് ഇനി മരുന്നു കച്ചവടവും

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ ഫാര്‍മസി ചെയിനായ നെറ്റ് മെഡ്‌സിലെ 60 ശതമാനം ഓഹരികള്‍ റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കി. 620 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയത്. ഇതോടെ ഇ- കോമേഴ്‌സ് രംഗത്തേക്ക് റിലയന്‍സ് റീട്ടെയിലും ചുവടുവയ്ക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ഇ-കൊമേഴ്സ് ഭീമനായ ആമസോണിനെതിരെ ചൂടേറിയ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഈ ഇടപാടിന്റെ മൂല്യം ഏകദേശം 1000 കോടി രൂപയാണ്. നേരത്തെ റിലയന്‍സ് ജിയോമാര്‍ട്ടും ഇ-കോമേഴ്‌സ് രംഗത്ത് സാന്നിധ്യം ഉറപ്പിച്ചിരുന്നു.
പ്രദീപ് ദാദ സ്ഥാപിച്ച നെറ്റ് മെഡ്‌സ് നിലവില്‍ മരുന്നുകള്‍, വ്യക്തിഗത- ശിശു പരിപാലന ഉത്പന്നങ്ങള്‍ തുടങ്ങിയ വിതരണം ചെയ്യുന്നു. കൂടാതെ വെബ്സൈറ്റിലും അപ്ലിക്കേഷനിലും ഡോക്ടര്‍ ബുക്കിംഗും ഡയഗ്‌നോസ്റ്റിക്‌സും നല്‍കുന്നു. ഒരു വലിയ തുക സ്വരൂപിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി നല്ലൊരു കമ്പനിയെ തിരയുകയായിരുന്നു നെറ്റ് മെഡ്‌സ്.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡൗണ്‍ പെന്‍ കംബോഡിയ ഗ്രൂപ്പ്, സിസ്റ്റേമ ഏഷ്യ ഫണ്ട്, ടാന്‍കാം ഇന്‍വെസ്റ്റ്മെന്റ്, ഹെല്‍ത്ത് കെയര്‍ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനമായ ഓര്‍ബിമെഡ് എന്നിവരും കമ്പനിയിലെ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.