സിഎസ്ബി ബാങ്കിന്റെ ആദ്യ പാദ ലാഭത്തില്‍ 174 ശതമാനം വര്‍ധന


കാത്തലിക് സിറിയന്‍ ബാങ്കിന് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 53.56 കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19.54 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. 174.10 ശതമാനം വര്‍ദ്ധന. മാര്‍ച്ച് പാദത്തില്‍ 59.68 കോടി രൂപ നഷ്ടമുണ്ടായ സ്ഥാനത്താണ് കോവിഡ് മറികടന്ന് ജൂണ്‍ പാദത്തിലെ തിരിച്ചുവരവ്.
മുന്‍വര്‍ഷം ജൂണ്‍ പാദത്തെ അപേക്ഷിച്ച് ഈ ത്രൈമാസത്തില്‍ പലിശ വരുമാനം 355.42 കോടിയില്‍ നിന്ന് 18.90 ശതമാനം ഉയര്‍ന്ന് 422.60 കോടി രൂപയായി.വായ്പയുമായി ബന്ധപ്പെട്ട കരുതല്‍ വിഹിതം അഞ്ചിരട്ടി ഉയര്‍ന്ന് 57.53 കോടി രൂപയായി. ഇതില്‍ 13.76 കോടി രൂപ മോശം വായ്പകള്‍ക്കായുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.07 കോടി രൂപയാണ് ഈ സ്ഥാനത്തു വകയിരുത്തിയിരുന്നത്. മാര്‍ച്ച് പാദത്തില്‍ 84.32 കോടി രൂപയും.
നിലവിലെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി കോവിഡ് -19 ആഘാതത്തിനെതിരെയുള്ള കരുതല്‍ നടപടികള്‍ക്കു വേണ്ടി ഈ പാദത്തില്‍, 31.30 കോടി രൂപ അധികമായി ബാങ്ക് വകയിരുത്തിയിട്ടുണ്ട്. മൊത്ത എന്‍പിഎ 3.51 ശതമാനമായി താഴ്ന്നു.മാര്‍ച്ച് പാദത്തില്‍ 3.54 ശതമാനമായിരുന്നു. ഈ കാലയളവിലെ അറ്റ എന്‍പിഎ യഥാക്രമം 1.74 ശതമാനവും 1.91 ശതമാനവുമാണ്. കോവിഡ് ആഘാതത്തെ ചെറുത്തതായി സൂചിപ്പിക്കുന്ന മികച്ച ത്രൈമാസ ഫലം പുറത്തുവന്നതോടെ സിഎസ്ബി ഓഹരി വില 11.53 ശതമാനം ഉയര്‍ന്ന് 222.05 രൂപയായി.