കോവിഡ് കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളികള്‍ ചിന്തിച്ച ഒന്നാണ് ജോലി രാജിവെച്ച് നാട്ടില്‍ പോയാലോ എന്ന്. പലരും രാജിവെച്ചു നാട്ടിലെത്തി. രണ്ടു വര്‍ഷം കഴിഞ്ഞ് പുതിയ ജോലി നേടാം എന്നാണ് ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ കോവിഡ് കാലത്തെ തൊഴില്‍ നഷ്ടം എക്കാലത്തേയും മികച്ച നഷ്ടം തന്നെയായിരിക്കും. ഓരോ കമ്പനികളും ഈ ക്ഷീണം വെടിഞ്ഞു റിക്രൂട്ടിങ് നടത്തണമെങ്കില്‍ അഞ്ചു വര്‍ഷക്കാലമെങ്കിലും എടുക്കും.
ശമ്പളം വെട്ടിക്കുറച്ചാലും തുടരുക
കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി പല കമ്പനികളും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഒരു കമ്പനി നിലനില്‍ക്കുമോ എന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം. മൂന്നോ നാലോ അല്ലെങ്കില്‍ ആറുമാസക്കാലമോ ശമ്പളം പകുതിയാക്കിയാല്‍ കമ്പനി പ്രതിസന്ധി തരണം ചെയ്യുന്നുവെങ്കില്‍ അതിനോടൊപ്പം അഡ്ജസ്റ്റ് ചെയ്യുക. കമ്പനി ടെര്‍മിനേറ്റ് ചെയ്യുന്നതു വരെ തുടരുക. ടെര്‍മിനേഷന്‍ നോട്ടീസ് പീരീയഡിനുള്ളില് നല്ല ബയോഡേറ്റ സെറ്റ് ചെയ്തു നല്ല കമ്പനികളെ സമീപിക്കുക. അതേസമയം മിക്ക കമ്പനികളും ഇപ്പോള്‍ റിക്രൂട്ടിങ് നടത്തുന്നില്ലെന്നതാണ് സത്യം.
പിരിച്ചുവിട്ടാല്‍ എന്തുചെയ്യും
കമ്പനി തൊഴിലാളികളെ പിരിച്ചു വിടലിലേക്കാണ് നീങ്ങുന്നതെങ്കില്‍ മറ്റു സാധ്യതകള്‍ നോക്കിയേ മതിയാകൂ. നിങ്ങള്‍ ജോലി ചെയ്യുന്ന അതേ മേഖലയില്‍ മറ്റു കമ്പനികളെ സമീപിക്കാം. എന്തായാലും അത്യാവശ്യകാര്യങ്ങള്‍ക്കായി ഒരു ഫണ്ട് കണ്ടെത്തി വെക്കാന്‍ മറക്കേണ്ട. പെട്ടെന്നൊരു ജോലി ലഭിച്ചില്ലെങ്കിലും പിടിച്ചു നില്ക്കാന് അത് അത്യാവശ്യമാണ്.
ഗള്‍ഫ് മേഖലയില്‍ ഒഴിവുകള്‍ വരുന്നുണ്ട്
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു കൂട്ടത്തോടെ ജീവനക്കാര്‍ മടങ്ങിയത് പുതിയ തൊഴില്‍ സാഹചര്യം കണ്ടെത്താന്‍ കഴിയും. ആരോഗ്യ മേഖല, മാര്‍ക്കറ്റിങ് , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മേഖലയില്‍ ഒഴിവുണ്ടാകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തി ജോലി മാറാന്‍ കഴിയും.
ഈ മേഖലകളും തിരിച്ചു വരും
കോവിഡ് ബാധിച്ച മേഖലയാണ് ടൂറിസവും ഹോസ്പിറ്റാലിറ്റി മേഖലയും. ഇവിടങ്ങളില്‍ തൊഴിലില്‍ തുടരുകയാണ് പലരും. ശമ്പളമില്ലാത്ത കമ്പനികളും നിരവധിയാണ്. ശമ്പളമില്ലെങ്കിലും തുടരുക. മാധ്യമരംഗവും ശമ്പളമില്ലാതെ ഏറെ പ്രശ്നത്തിലാണ്. എന്നാല്‍ കഴിവതും അവിടെ തുടരുക. കോവിഡ് കാലത്തിന് ശേഷം കമ്പനി പതിവ് ബിസിനസിലേക്ക് എത്തുമ്പോള്‍ നഷ്ടപ്പെട്ട വേതനം ആവശ്യപ്പെടാം.
ജോലിയില്‍ പ്രവേശിക്കാത്തവര്‍
സാഹചര്യങ്ങള്‍ മനസ്സിലാക്കി കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കാം. ചിലപ്പോള്‍ പ്രത്യേക സാഹചര്യത്തില്‍ കമ്പനിക്ക് കൂടുതല്‍ പേരെ പെട്ടെന്ന് ജോലിക്കെടുക്കാന്‍ സാധ്യമാകാത്ത സ്ഥിതിയാവാം. പുതിയ തൊഴിലാളികളെ കണ്ടെത്താനായി കമ്പനി ഇന്റര്‍വ്യൂവിനും മറ്റുമായി വലിയ തുക മുടക്കിയിട്ടുണ്ടാകുമെന്നതിനാല്‍ വീണ്ടും പുതിയവരെ കണ്ടെത്താം എന്ന് കരുതാനിടയില്ല. നിലവിലെ പട്ടികയില്‍ നിന്നു തന്നെയാവും നിയമനം നടത്തുക. എന്നാല്‍ കമ്പനിക്ക് പുതിയ ആളുകളെ എടുക്കാനാവാത്ത സാഹചര്യമാണെന്ന് മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് മറ്റൊരു ജോലി അന്വേഷിക്കാം.
അവധിക്ക് നാട്ടിലേക്ക് മടങ്ങിയവര്‍
പല രാജ്യങ്ങളും അവധിക്ക് നാട്ടിലേക്ക് പോയവരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആറു മാസത്തോളമായി നാട്ടില്‍ കഴിയുന്നവര്‍ക്കും മടങ്ങിവരാന്‍ കഴിയും. കമ്പനികള്‍ പറയുന്ന നിബന്ധനകള്‍ പാലിക്കുക.