കബോട്ടാഷ് നിയമഭേദഗതിക്ക് ശേഷം മുന്ദ്ര തുറമുഖത്തെ ചരക്കുനീക്കത്തിൽ 27 ശതമാനത്തിന്റെ വർധന

കബോട്ടാഷ് നിയമത്തിലെ ഇളവുകൾ കൊയ്‌ത്താകുന്നതും അഡാനി ഗ്രൂപ്പിന്. ഇന്ത്യൻ ഷിപ്പിങ് വ്യവസായം അപ്പാടെ അഡാനിക്ക് അടിയറ വയ്ക്കുന്നതാണ് നിയമത്തിലെ ഇളവുകളെന്ന് വ്യക്തമാക്കുന്ന വളർച്ചയാണ് രാജ്യത്തെ സാമ്പത്തികരംഗം തകർത്ത കോവിഡ് ലോക്ഡൗണിനിടയിലും അഡാനി പോർട്ട്സ് കൈവരിച്ചിട്ടുള്ളത്. മുംബൈയിലെ പൊതുമേഖലാ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിനെ പിന്നിലാക്കിയാണ് കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ അഡാനിയുടെ കുതിപ്പ്. 2018 ലാണ് കേന്ദ്രസര്‍ക്കാർ കബോട്ടാഷ് നിയമ ഭേദഗതി വരുത്തിയത്.

അഡാനി ഗ്രൂപ്പുമായി ബന്ധമുള്ള വിദേശ ഷിപ്പിങ് കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണിതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ആത്മനിർഭർ ഭാരത് എന്നപേരിൽ കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴാണ് വിദേശകമ്പനികൾക്കും അഡാനിക്കും വേണ്ടി ഇന്ത്യൻ ട്രാൻസ്-ഷിപ്പ്മെന്റ് രംഗം തുറന്നുനൽകിയിട്ടുള്ളത്. ഇളവുകൾക്ക് പിന്നാലെ ആഭ്യന്തര ഷിപ്പിങ് വ്യവസായത്തെ തകർത്തുകൊണ്ട് കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ ജെഎൻപിടിയെ അഡാനിയുടെ മുന്ദ്ര തുറമുഖം പിന്തള്ളിയിരിക്കുകയാണ്. വിദേശകപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങൾക്കിടയിൽ ചരക്കുനീക്കത്തിനുള്ള എല്ലാ നിയന്ത്രണവും നീക്കിക്കൊണ്ടായിരുന്നു നിയമഭേദഗതി.

ഇതോടെ പൊതുമേഖലാ തുറമുഖങ്ങളെ ഒഴിവാക്കി അഡാനി ഗ്രൂപ്പിന്റെ തുറമുഖങ്ങൾ വഴി വിദേശകപ്പലുകൾക്ക് ചരക്കുനീക്കം നടത്താൻ കഴിയുമെന്ന സ്ഥിതിയുണ്ടായി. രാജ്യത്തിന്റെ പരിധിയിലുള്ള തുറമുഖങ്ങൾക്കിടയിലെ ചരക്കുനീക്കമാണ് കബോട്ടാഷ്. 1958ലെ മർച്ചന്റ് ഷിപ്പിങ് നിയമപ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതും രാജ്യത്ത് നികുതി അടയ്ക്കുന്നതുമായ കപ്പലുകൾക്ക് മാത്രമേ കബോട്ടാഷിൽ ഏർപ്പെടാൻ അനുമതി ഉണ്ടായിരുന്നുള്ളു. ഏതെങ്കിലും വിദേശകപ്പലിനു ഇത്തരത്തിൽ ചരക്കുനീക്കം നടത്തണമെങ്കിൽ പ്രത്യേക അനുമതി നേടണമായിരുന്നു. ഇതാണ് മോഡി സർക്കാർ അഡാനിക്കുവേണ്ടി ഇല്ലാതാക്കിയത്. യുഎസ്, ചൈന തുടങ്ങി ദൈർഘ്യമേറിയ കടൽത്തീരമുള്ള രാജ്യങ്ങളിലെല്ലാം ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിന് ശക്തമായ കബോട്ടാഷ് നിയമമാണ് നിലവിലിരിക്കുന്നത്. കബോട്ടാഷ് ഇളവുകൾ വന്നതോടെ ഇന്ത്യൻ കപ്പലുകൾക്ക് വിദേശകപ്പലുകളുമായി മത്സരിക്കേണ്ട സ്ഥിതിയുണ്ടായി. ഇന്ധനവില, നികുതി നിരക്കുകൾ എന്നിവയിലുള്ള അന്തരം ഇന്ത്യൻ കപ്പലുകൾക്ക് പ്രതികൂലമാവുകയും ചെയ്തു.

ലോകത്തെ പ്രധാന ഷിപ്പിങ് കമ്പനികളുമായി പങ്കാളിത്തമുള്ള അഡാനിക്ക് ഇത് വലിയ നേട്ടമായി മാറുകയും ചെയ്തു. നിയമഭേദഗതിക്ക് ശേഷം രാജ്യത്തെ ട്രാൻസ്-ഷിപ്പ്മെന്റ് കാർഗോ 70 ശതമാനത്തിൽ നിന്നും 59 ശതമാനമായി കുറഞ്ഞതായി ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്സ് അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു.

കബോട്ടാഷ് നിയമഭേദഗതിക്ക് ശേഷം മുന്ദ്ര തുറമുഖത്തെ ചരക്കുനീക്കത്തിൽ 27 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വകാര്യ തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്നത് അഡാനി ഗ്രൂപ്പാണ്. പത്ത് തുറമുഖങ്ങളുള്ള അഡാനി ഗ്രൂപ്പിന് ചരക്കുനീക്കത്തിൽ 30 ശതമാനം പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ലോക്ഡൗണിനെത്തുടർന്ന് രാജ്യത്തെ ഷിപ്പിങ് വ്യവസായത്തിൽ 26 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലും മുന്ദ്ര തുറമുഖത്തെ ചരക്കുനീക്കം ഉയരുകയായിരുന്നു. ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളായ സ്വിറ്റ്സർലാൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, ഫ്രാൻസിലെ സിഎംഎ‑സിജിഎം എന്നീ കമ്പനികളുടേതാണ് മുന്ദ്ര തുറമുഖത്തെ രണ്ട് ടെർമിനലുകൾ. ഇതാണ് അഡാനി ഗ്രൂപ്പിന് മേൽക്കൈ നേടിക്കൊടുത്തിരിക്കുന്നത്. 13,500 കോടിയുടെ കൃഷ്ണപട്ടണം തുറമുഖത്തിന്റെ ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകും. വിഴിഞ്ഞം തുറമുഖം കൂടി പൂർത്തിയാകുന്നതോടെ രാജ്യത്തെ ട്രാൻസ്-ഷിപ്പ്മെന്റ് കാർഗോയുടെ അമ്പത് ശതമാനത്തിലധികം അഡാനിയുടെ കൈകളിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.