മൂന്നു സിനിമകളുടെ നിര്‍മാണം ഏറ്റെടുത്ത് അന്‍വര്‍ റഷീദ്

മലയാളത്തിലെ സകല റെക്കോര്‍ഡുകളും ഭേദിച്ച സിനിമയായിരുന്നു പ്രേമം, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് അന്‍വര്‍ റഷീദ് ആയിരുന്നു. ഇപ്പോഴിതാ ഈ ടീം വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്.
അല്‍ഫോണ്‍സിന്റെ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് തന്നെയാണ്. ഇതിന് പുറമെ മറ്റ് രണ്ട് സിനിമകള്‍ കൂടി അന്‍വര്‍ റഷീദ് പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്‍വര്‍ തന്റെ പുതിയ സിനിമകളെ കുറിച്ച് പ്രഖ്യാപിച്ചത്.
ട്രാന്‍സിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തമിഴിലാണ്. കൈതി ഫെയിം അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ് ആണ്.
മറ്റ് രണ്ട് സിനിമകള്‍ അന്‍വര്‍ നിര്‍മ്മിക്കും. ഇതില്‍ അല്‍ഫോണ്‍സിന്റെ സിനിമ നേരത്തെ അല്‍ഫോണ്‍സ് തമിഴില്‍ ചെയ്യാനിരുന്ന മ്യൂസിക്കല്‍ ചിത്രമായിരിക്കില്ല. പുതിയൊരു മലയാള ചിത്രമായിരിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.
ഇതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒതളങ്ങതുരുത്ത് വെബ്ബ് സീരിസും സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍. വെബ് സീരിസിലെ താരങ്ങളും സന്ദര്‍ഭങ്ങളും തന്നെയായിരിക്കും സിനിമയിലുമുണ്ടാവുക. എന്നാല്‍ ചെറിയ ചില മാറ്റങ്ങളുമുണ്ടാകും. സീരിസ് ഒരുക്കിയ അംബൂജി തന്നെയാകും സിനിമയും സംവിധാനം ചെയ്യുകയെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
ഫഹദ് അഭിനയിച്ച ട്രാന്‍സ് ആണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം.