കോവിഡ് പ്രതിസന്ധി; രാജ്യത്തെ ശമ്പള വര്‍ധനവ് പത്തുവര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ ശമ്പളവര്‍ധനവ് ഇടിഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി ശമ്പള വര്‍ധനവ് 3.6 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 8.6 ശതമാനമായിരുന്നു.
പ്രമുഖ കണ്‍സള്‍ട്ടന്‍സിയായ ഡെലോയിറ്റ് ടച്ച് തോമാത്സു ഇന്ത്യ എല്‍എല്‍പി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
2020-21ല്‍ ശമ്പളവര്‍ധനവിനെ ബാധിച്ച രണ്ട് പ്രധാന ഘടകങ്ങളാണ് കോവിഡും നിലവിലെ മാന്ദ്യവും. 2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവരുടെ ഇന്‍ക്രിമെന്റുകള്‍ തീരുമാനിച്ച സ്ഥാപനങ്ങള്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വര്‍ധനവ് നല്‍കിയിട്ടുണ്ട്. കോവിഡ് -19 മൂലം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 20 ശതമാനത്തിലധികം ഇടിവ് പ്രതീക്ഷിക്കുന്ന സ്ഥാപനങ്ങള്‍ വളരെ കുറഞ്ഞ വര്‍ധനവ് മാത്രമേ നല്‍കിയുള്ളൂവെന്നും സര്‍വേയില്‍ കണ്ടെത്തി.
കൊറോണ വൈറസ് അണുബാധ തടയുന്നതിനായി മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും മെയ് അവസാനത്തോടെ അധികാരികള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തു. അതേസമയം കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ വിവിധ നിയന്ത്രണങ്ങള്‍ തുടരുന്നു.
350 സ്ഥാപനങ്ങളില്‍ സര്‍വേ നടത്തി. 10 കമ്പനികള്‍ വീതമെടുത്താല്‍ നാലെണ്ണം മാത്രമാണ് 2020 ല്‍ ഇന്‍ക്രിമെന്റ് നല്‍കിയിട്ടുള്ളത്. 33 ശതമാനം കമ്പനികള്‍ ഒരു ഇന്‍ക്രിമെന്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോഴും തീരുമാനമെടുക്കാത്ത കമ്പനികളുമുണ്ട്. പത്തുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.