മുംബൈ എയര്‍പ്പോര്‍ട്ടും അദാനി സ്വന്തമാക്കി

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (മിയാല്‍) ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ വിമാനത്താവളം ഇവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിന് സമാനമായ സ്ഥിതിയില്‍ ആകും.
ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഗ്രൂപ്പിന്റെ (ഗുണുപതി വെങ്കട കൃഷ്ണ റെഡ്ഡി) കൈവശം ആയിരുന്നു മുംബൈ വിമാനത്താവളത്തിന്റെ 50.5 ശതമാനം ഓഹരികളും. ഈ ഓഹരികള്‍ മുഴുവന്‍ ഇപ്പോള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ ജിവികെ ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്.
ജിവികെ ഗ്രൂപ്പിന് 50.5 ശതമാനം ഓഹരികളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരികളും മുംബൈ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. ഇത് കൂടാതെ ദക്ഷിണാഫ്രിക്കന്‍ കമ്പനികളായ എയര്‍പോര്‍ട്ട് കമ്പനി സൗത്ത് ആഫ്രിയ്ക്കക്ക് 10 ശതമാനവും ബിഡ് വെസ്റ്റിന് 13.5 ശതമാനവും ഓഹരികള്‍ ഉണ്ട്.
മുംബൈ വിമാനത്താവളത്തില്‍ അദാനി കണ്ണുനട്ടിട്ട് ഒരു വര്‍ഷത്തോളമാകുന്നു. 2019 മാര്‍ച്ച് മാസത്തില്‍ ബിഡ് വെസ്റ്റിന്റെ 13.5 ശതമാനം ഓഹരികള്‍ 1,248 കോടി രൂപയ്ക്ക് സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജിവികെ ഗ്രൂപ്പ് ഇതിനെ എതിര്‍ത്തു. പിന്നീട് കേസ് കോടതിയില്‍ എത്തുകയും കോടതി ജിവികെ ഗ്രൂപ്പിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണിത്. ഇതോടെ വ്യോമ മേഖലയില്‍ ആദാനി രാജ്യത്തെ നമ്പര്‍ വണ്‍ ആയിരിക്കുകയാണ്.