ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കാത്തതിനെത്തുടര്‍ന്ന് 2000 രൂപയുടെ ഒരു നോട്ട് പോലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അച്ചടിച്ചില്ല. നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകള്‍ 22 ശതമാനമാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടിന്റെ പ്രചാരം 50 ശതമാനത്തോളം കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അച്ചടിച്ച 22 ബില്യണ്‍ നോട്ടുകളില്‍ പകുതിയിലേറെയും അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ്. 2000 രൂപ നോട്ടുകളുടെ വിഹിതം കുറയ്ക്കാനുള്ള ബോധപൂര്‍വമായ തീരുമാനത്തിന്റെ സൂചനയാണിത്. എന്നാല്‍ 2000 രൂപയുടെ നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
2019-20 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് റിസര്‍വ് ബാങ്ക ഇക്കാര്യം വ്യക്തമാക്കുന്നത്. ആര്‍ബിഐയുമായി കൂടിയാലോചിച്ചു കേന്ദ്ര സര്‍ക്കാരാണ് ഏതൊക്കെ മൂല്യത്തിലുള്ള നോട്ടുകളാണ് അച്ചടിക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ട് അച്ചടിക്കാനുള്ള കരാര്‍ നല്‍കിയിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു. അതേ സമയം 2,000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അനുരാഗ് സിംഗ് താക്കൂര്‍ മാര്‍ച്ച് 16 ന് ലോക്സഭയില്‍ അറിയിച്ചിരുന്നു. 2016-ലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധന സമയത്താണു രാജ്യത്ത് 2000 രൂപയുടെ നോട്ട് ഇറക്കുന്നത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 1000 രൂപയുടേയും 500 രൂപയുടേയും നോട്ടുകള്‍ നിരോധിക്കുകയും പുതിയ 500ന്റെയും 200ന്റേയും നോട്ടുകള്‍ പുറത്തിറക്കുകയുമായിരുന്നു. എന്നാല്‍ 2019-ന്റെ തുടക്കത്തില്‍ തന്നെ 2000 ?രൂപയുടെ നോട്ടിനോട് പ്രിയം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞു.