എണ്ണവില വര്‍ധിക്കുന്നു; സൗദി അറേബ്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു

അന്‍ഷാദ് കൂട്ടുകുന്നം

റിയാദ്: സൗദി അറേബ്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും കോവിഡിനെ പിടിച്ചുകെട്ടാനായതുമാണ് സൗദി അറേബ്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
2020 ലെ ഏറ്റവും മോശം ദിവസങ്ങള്‍ അവസാനിച്ചുവെന്നതിന്റെ സൂചന നല്‍കി ദിവസവും ഓയില്‍ വില വര്‍ധിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്പാദകരാണ് സൗദി.
കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അരാംകോ രണ്ട് എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തിയതോടെ രാജ്യം കൂടുതല്‍ ശക്തമാകുമെന്ന സൂചനയാണ് നല്‍കുന്നത്. ബ്രെന്റ് ഓയില്‍ ബാരലിന് 0.48 ശതമാനം ഉയര്‍ന്ന് 45.98 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു.ടി.ഐ) 0.33 ശതമാനം ഉയര്‍ന്ന് 43.15 ഡോളറിലെത്തി. 18 ഡോളറിലേക്ക് കൂപ്പുകുത്തിയ എണ്ണ കഴിഞ്ഞ മാസത്തോടെയാണ് ശക്തമായ നിലയിലേക്ക് എത്തിത്തുടങ്ങിയത്.
135 ഡോളര്‍ എത്തിയ കാലത്തേക്ക് മടങ്ങിയില്ലെങ്കിലും 70 ഡോളറിലേക്ക് അടിസ്ഥാന വില മാറിയാല്‍ സൗദി അറേബ്യയ്ക്ക് വലിയ സാമ്പത്തിക കുതിപ്പ് നടത്താനാകും. കോവിഡ് പകര്‍ച്ചവ്യാധി വിതച്ച സാമ്പത്തിക ദുരിതങ്ങളില്‍ നിന്നു ലോകത്തെ പല വികസിത രാജ്യങ്ങളും കരകയറാന്‍ കഴിയാതെ പകച്ചു നില്‍ക്കുമ്പോഴും സൗദിയില്‍ കോവിഡിനെ അതിജീവിച്ച് ജീവിതം സാധാരണ നില പ്രാപിച്ചു കൊണ്ടിരിക്കുന്നത്. വ്യവസായ ശാലകളും വ്യാപാരസ്ഥാപനങ്ങളും സാധാരണ നിലയിലായി.
ജൂണ്‍ ഒന്നിന് ബ്രെന്റിന് ബാരലിന് 38.32 ഡോളറും ഡബ്ല്യുടിഐക്ക് 35.79 ഡോളറുമായിരുന്നു വില. രണ്ട് ക്രൂഡുകളും ജൂണ്‍ ഒന്നിന് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന വില രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം കൈവരിച്ച സ്ഥിരമായ വിലക്കയറ്റം ഓയില്‍ മേഖലയില്‍ ഉണര്‍വുണ്ടാക്കി. ബ്രെന്റ് ഓഗസ്റ്റ് 25 ന് 46.01 ഡോളറിലും ഓഗസ്റ്റ് 26 ന് ഡബ്ല്യുടിഐ 43.46 ഡോളറിലും എത്തി. ഈ വില സ്ഥിരമായി തുടരുകയാണ്.
2019 സെപ്റ്റംബര്‍ രണ്ടിന് ബ്രെന്റ് ബാരലിന് 58.66 ഡോളറും ഡബ്ല്യുടിഐ 54.84 ഡോളറുമായിരുന്നു.
എണ്ണ ഗവേഷകരായ കണ്‍സന്‍സസ് ഇക്കണോമിക്സിന്റെ അഭിപ്രായത്തില്‍, ബ്രെന്റിന് ഈ വര്‍ഷാവസാനം 42.80 ഡോളറിലെക്കെത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം 2021 അവസാനത്തോടെ 48 ഡോളര്‍ ഉയരുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.