തകര്‍ന്നടിഞ്ഞ വാഹനവിപണിയെ രക്ഷിച്ച് ഓഗസ്റ്റ്; വില്പന കൂടി

2019 മുതല്‍ വാഹനവിപണിയിലുണ്ടായ മാന്ദ്യം കോവിഡ് മാറ്റി. ഓഗസ്റ്റില്‍ വാഹനവിപണിയില്‍ വന്‍ ഉണര്‍വ്. രാജ്യവ്യാപകമായി കോവിഡിനെത്തുടര്‍ന്ന് പൊതുഗതാഗതം പരിമിതപ്പെടുത്തിയതും പകര്‍ച്ചവ്യാധി ഭീഷണിയും സ്വന്തം വാഹനം എന്ന തീരുമാനത്തിലേക്ക് സാധാരണക്കാരെ മാറ്റിയതാണ് വിപണിയിലെ ഉണര്‍വിന് കാരണം.
ആറ് മാസത്തെ മാന്ദ്യത്തിന് ശേഷം, ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി മൊത്ത വില്‍പ്പനയില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആഭ്യന്തര വില്‍പ്പനയിലാവട്ടെ 20 ശതമാനം വര്‍ധനയും. 2019 ഓഗസ്റ്റില്‍ 97,061 യൂണിറ്റ് വില്‍പ്പനയായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. 2020 ഓഗസ്റ്റിലെത്തിയപ്പോള്‍ 1,16,704 യൂണിറ്റ് വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു.
അതേസമയം കയറ്റുമതി കുറഞ്ഞു. 2019 ഓഗസ്റ്റില്‍ 9,352 യൂണിറ്റ് കയറ്റുമതി ഉണ്ടായിരുന്ന സ്ഥാനത്ത് 2020 ഓഗസ്റ്റില്‍ 7,920 യൂണിറ്റ് മാത്രമേയുള്ളു. കയറ്റുമതി ഇപ്പോഴും വിപണി സമ്മര്‍ദത്തില്‍ തുടരുന്നുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഓഗസ്റ്റിലെ റെക്കോര്‍ഡ് വില്‍പ്പനയില്‍ എസ്‌കോര്‍ട്ട്സ് മോട്ടോര്‍സിന്റെ ഓഹരികളും അഞ്ച് ശതമാനം ഉയര്‍ന്നു. മൊത്ത വില്‍പ്പനയില്‍ 80 ശതമാനം വളര്‍ച്ചയാണ് ട്രാക്ടര്‍ നിര്‍മ്മാതാക്കളായ എസ്‌കോര്‍ട്ട്സ് മോട്ടോര്‍സ് രേഖപ്പെടുത്തിയത്. രാജ്യത്ത് 2019 ഓഗസ്റ്റില്‍ 3,763 യൂണിറ്റ് മാത്രമാണ് കമ്പനി വിറ്റഴിച്ചതെങ്കില്‍, 2020 ഓഗസ്റ്റില്‍ ഇത് 3,750 യൂണിറ്റായി ഉയര്‍ന്നു.
ഇതോടെ ആഭ്യന്തര വില്‍പ്പനയില്‍ 79.40 ശതമാനം വളര്‍ച്ച നേടാന്‍ കമ്പനിയ്ക്കായി. കയറ്റുമതിയില്‍ 90.40 ശതമാനം വളര്‍ച്ച നേടാനും കമ്പനിയ്ക്ക് സാധിച്ചു. പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന മെച്ചപ്പെട്ടിട്ടും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഗസ്റ്റ് മാസ വില്‍പ്പനയില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുച്ചക്ര വാഹന ശ്രേണിയിലെ 94 ശതമാനം ഇടിവാണ് മൊത്ത വില്‍പ്പനയിലെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായത്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോര്‍സും മൊത്ത വില്‍പ്പനയില്‍ 30 ശതമാനം ഇടിവ് നേരിട്ടു. ഹീറോ മോട്ടോകോര്‍പ്പ്, ടിവിഎസ്, ബജാജ് എന്നിവര്‍ ഇതുവരെ ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ഏറ്റവും മോശമായ ബാധിച്ചത് വാണിജ്യ വാഹന ശ്രേണിയെ ആയതിനാല്‍, ഇവയില്‍ നിന്നുള്ള വില്‍പ്പന കണക്കുകള്‍ താരതമ്യേന കുറവായിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.