ദുബൈ: 55 കഴിഞ്ഞ സമ്പന്നര്‍ക്ക് അഞ്ചു വര്‍ഷത്തെ വിസ നല്കുന്ന പദ്ധതി നടപ്പിലായതോടെ ആരോഗ്യ, റിയല്‍റ്റി, ടൂറിസം മേഖലകളില്‍ വന്‍ ഉണര്‍വ് പ്രതീക്ഷിച്ച് ദുബൈ. ‘റിട്ടയര്‍ ഇന്‍ ദുബൈ” എന്ന പേരില്‍ അഞ്ചു വര്‍ഷത്തേക്കാണ് വിസ. അപേക്ഷകര്‍ക്ക് മാസം 20000 ദിര്‍ഹം വരുമാനമോ പത്തു ലക്ഷം ദിര്‍ഹം സമ്പാദ്യമോ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാകണം. നിക്ഷേപവും ഭൂസ്വത്തും ചേര്‍ത്താല്‍ 20 ലക്ഷം ദിര്‍ഹമില്‍ കൂടുതല്‍ സമ്പാദ്യമുള്ളവര്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്കിയ നിര്‍ദേശപ്രകാരം ദുബായ് ടൂറിസവും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്.
അതേസമയം പദ്ധതി ദുബായി സാമ്പത്തിക രംഗത്ത് വന്‍ മാറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ യു.എ.ഇയിലെ നല്ലൊരു ശതമാനം പ്രവാസികളും 25നും 55നും ഇടയില്‍ പ്രായമുള്ളവരാണ്. 55 കഴിഞ്ഞവര്‍ക്ക് വിസ അനുവദിച്ചതോടെ ഈ പ്രായമുള്ള സമ്പന്നര്‍ യു.എ.ഇയിലേക്ക് എത്തും. ഇവര്‍ക്ക് മറ്റ് പ്രായക്കാരെ അപേക്ഷിച്ച് ആരോഗ്യ പരിപാലനം നിര്‍ബന്ധമാണ്.
ഇത് ആരോഗ്യനിക്ഷേപ രംഗത്ത് വന്‍ ഉണര്‍വുണ്ടാക്കും. ആരോഗ്യരംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കും. നിലവില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് മാത്രമേ യു.എ.ഇയില്‍ എത്താന്‍ കഴിയൂ. അതു കൊണ്ടു തന്നെ ഇന്‍ഷൂറന്‍സ് രംഗവും മെഡിക്കല്‍ വിഭാഗവും യു.എ.ഇയില്‍ ശക്തമാകും. 55നു ശേഷമാണ് പരിശോധനകളും ചികിത്സകളും ആവശ്യമായി വരുന്നത്. അതുകൊണ്ടുതന്നെ പ്രായം ചെന്നവരുടെ ആരോഗ്യകരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സംരംഭങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.
2018 സെപ്റ്റംബറിലാണ് നിയമത്തിന് രൂപം നല്‍കിയത്. എന്നാല്‍ നടപ്പായത് ഇപ്പോഴാണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബബിന്‍ റാഷിദ് അല്‍ മക്തൂമാണ് വിസ നിയമം പരിഷ്കരിച്ചത്.
വിസ പരിഷ്കരണ നിയമം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഉണര്‍വുണ്ടാക്കും. സമ്പന്നര്‍ ദുബായിയിലേക്കു വരുന്നതോടെ തകര്‍ന്നു കിടക്കുന്ന പ്രോപ്പര്‍ട്ടി വിപണി കൂടുതല്‍ ഊര്‍ജിതമാകും. 50 വയസു കഴിഞ്ഞവര്‍ നല്ല താമസസ്ഥലം തേടുന്നത് സ്വാഭാവികമാണ്.
2019 ല്‍ യുഎഇ ദീര്‍ഘകാല താമസ വിസയ്ക്കായി ഒരു സംവിധാനം നടപ്പാക്കിയിരുന്നു. അഞ്ച് മുതല്‍ 10 വര്‍ഷത്തെ വിസ സ്കീം വിദേശികള്‍ക്ക് യു.എ.ഇ സ്വദേശിയുടെ ആവശ്യമില്ലാതെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശത്ത് അവരുടെ ബിസിനസ്സിന്റെ 100 ശതമാനം ഉടമസ്ഥാവകാശത്തിനും പ്രാപ്തമാക്കിയിരുന്നു.
റിട്ടയര്‍ ഇന്‍ ദുബൈ പദ്ധതി; ടൂറിസം, സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കും
അന്‍ഷാദ് കൂട്ടുകുന്നം