സ്വര്‍ണവില കുറയുന്നു; വില നിശ്ചയിക്കുന്നതില്‍ വ്യാപാരികളുടെ തര്‍ക്കം രൂക്ഷം

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 37480 രൂപ. പവന് 320 രൂപ കുറഞ്ഞു. 37800 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 4685 രൂപ. ഇന്നലെ 4725 രൂപയായിരുന്നു. അതേസമയം കേരളത്തില്‍ സ്വര്‍ണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം മൂലം മൂന്നു വിലയാണ് കടകളില്‍.
ഭൂരിഭാഗം സ്ഥലങ്ങളിലും എകെജിഎസ്എംഎ നിശ്ചയിച്ച വിലയില്‍ തന്നെ ആയിരുന്നു സ്വര്‍ണം വിറ്റത്. എന്നാല്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ചില ജ്വല്ലറികളില്‍ മറ്റ് സംഘടനകള്‍ നിശ്ചയിച്ച വിലയിലാണ് സ്വര്‍ണം വിറ്റത്. കെജിഎസ്ഡിഎ എന്നത് തൃശൂര്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. നേരത്തെ എകെജിഎസ്എംഎ തീരുമാനിച്ചത് പ്രകാരമായിരുന്നു വിലയിട്ടിരുന്നത്.
എന്നാല്‍ സംഘടനയില്‍ തര്‍ക്കം വരുകയും ജസ്റ്റിന്‍ പാലത്തറയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ മറ്റൊരു വില നിശ്ചയിച്ചു തുടങ്ങുകയും ചെയ്തു. തൃശൂരിലെ കെജിഎസ്ഡിഎ അംഗങ്ങള്‍ക്ക് മറ്റൊരു വില.
ആരോപണം, പ്രത്യാരോപണം സ്വര്‍ണവിലയിലെ അന്തരത്തിന്റെ മേല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ലാഭവിഹിതം കുറച്ചാണ് തങ്ങള്‍ വില കുറച്ചത് എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ നികുതിവെട്ടിപ്പിന്റെ ബലത്തിലാണ് ചിലര്‍ വില കുറച്ച് വില്‍ക്കുന്നത് എന്നാണ് എതിര്‍ ഗ്രൂപ്പുകാരുടെ ആരോപണം. എന്തായാലും സ്വര്‍ണവിലയിലെ തര്‍ക്കമാണ് ഇപ്പോള്‍ വില കുറയാനുള്ള പ്രധാനകാരണം. ആഗോള വിപണിക്ക് അനുസരിച്ച് വില കുറയ്ക്കാന്‍ സംഘടനകള്‍ മത്സരം ആരംഭിച്ചതോടെ യഥാര്‍ഥ വിലയിലേക്കു സ്വര്‍ണം വരുകയാണ്.